മലപ്പുറം സ്വദേശി മരിച്ചത് കോവിഡ് മൂലമല്ല
മലപ്പുറം : മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച വീരാൻകുട്ടി മരിച്ചത് കൊവിഡ് മൂലമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊറോണ ഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് ഇടയിലാണ് മരണം സംഭവിക്കുന്നത്. അടുത്തിടെ അദ്ദേഹത്തിന് നടത്തിയ മൂന്ന് ടെസ്റ്റുകളുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. അവസാന സ്രവ പരിശോധനാ ഫലവും നെഗറ്റീവായി രോഗമുക്തി നേടിയിരുന്നുവെങ്കിലും മരണം കൊവിഡ് മൂലമാണോയെന്ന സംശയത്തിനാണ് ഒടുവിൽ വിരാമമായിരിക്കുന്നത്.
ഇന്ന് രാവിലെയാണ് മലപ്പുറം കീഴാറ്റൂർ കരിയമാട് സ്വദേശി വീരാൻകുട്ടി (85) മരിച്ചത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഇയാൾക്ക് ഹൃദയാഘാതമുണ്ടായിരുന്നു. ഏപ്രിൽ രണ്ടിനാണ് വീരാൻ കുട്ടിക്ക് വൈറസ് സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഏപ്രിൽ 7, 10 തിയതികളിൽ നടത്തിയ തുടർച്ചയായ രണ്ട് പരിശോധനാ ഫലങ്ങളിൽ വൈറസ് ബാധ ഭേദമായതായും സ്ഥിരീകരിച്ചു. മാർച്ച് 11 ന് രോഗിയെ തുടർ നിരീക്ഷണത്തിനായി ഐസൊലേഷനിൽ നിന്ന് സ്‌റ്റെപ് ഡൗൺ ഐസിയുവിലേക്ക് മാറ്റി. പിന്നീട് ഏപ്രിൽ 13 ന് മൂന്നാമത്തെ സാമ്പിൾ പരിശോധനാ ഫലത്തിലും കോവിഡ് നെഗറ്റീവായി.
ഏപ്രിൽ 16 ന് കഠിനമായ പനി അനുഭവപ്പെടുകയും തുടർ പരിശോധനയിൽ മൂത്രത്തിൽ പഴുപ്പ് ബാധിച്ചതായി കണ്ടെത്തുകയും ചെയ്തു. തുടർന്ന് ആശുപത്രി ക്രിട്ടിക്കൽ കെയർ ടീം പരിശോധിച്ച് ചികിത്സ ആരംഭിച്ചു. ഏപ്രിൽ 17 ന് നടത്തിയ പരിശോധനയിൽ രോഗിക്ക് സെപ്റ്റിസീമിയ, മൾട്ടി ഓർഗൻ ഡിസ്ഫങ്ഷൻ സിൻഡ്രോം രോഗങ്ങൾ ബാധിച്ചതായി കണ്ടെത്തി. പിന്നീട് മരുന്നുകളോട് പ്രതികരിക്കാതെ രോഗി ഏപ്രിൽ 18 ന് പുലർച്ചെ 4 മണിക്ക് മരിക്കുകയായിരുന്നു.
അതേസമയം എങ്ങനെയാണ് ഇയാൾക്ക് വൈറസ് സ്ഥിരീകരിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. നേരത്തെ ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ മകനിൽനിന്നാണ് വൈറസ് ബാധിച്ചതെന്നായിരുന്നു സൂചന. എന്നാൽ മകന് രോഗമില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.