Top Stories

പോലീസ് വകുപ്പിലെ ക്രമക്കേട്:സിഎജി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് വകുപ്പിൽ വൻ ക്രമക്കേട് നടന്നെന്ന  സി.എ.ജി റിപ്പോർട്ടിലെ ഗുരുതരമായ ആരോപണങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്  ഉത്തരവിട്ടത്.

വി.ഡി.സതീശൻ അദ്ധ്യക്ഷനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി സി.എ.ജി റിപ്പോർട്ട്
പരിശോധിക്കാനിരിക്കെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. സഭാ സമിതിക്കു മുന്നിൽ ആരോപണങ്ങളെക്കുറിച്ച് സർക്കാർ വിശദീകരണം നൽകേണ്ടതുണ്ട്. ഇതിനു മുന്നോടിയായാണ് ആഭ്യന്തര സെക്രട്ടറിയുടെ പരിശോധനയെന്നാണ് സൂചന. ഈ റിപ്പോർട്ടിൽ എതിർ പരാമർശങ്ങളില്ലെങ്കിൽ, ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്ന് സഭാസമിതിയെ അറിയിക്കാം. പൊലീസിന്റെ ആയുധശേഖരത്തിൽ നിന്ന് 25 ഇൻസാസ് റൈഫിളുകൾ കാണാതായെന്ന സി.എ.ജിയുടെ കണ്ടെത്തൽ ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി കഴിഞ്ഞ ദിവസം തോക്കുകൾ പരിശോധിച്ച ശേഷം വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോർട്ടും സഭാസമിതി മുമ്പാകെ ഹാജരാക്കാനാവും.

എന്നാൽ, ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കൂടി ഉൾപ്പെട്ട സമിതി സാധൂകരിച്ച് നൽകിയ പൊലീസ് മേധാവിയുടെ ക്രമക്കേടുകൾ അദ്ദേഹം തന്നെ പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ നിലപാട്. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. എസ്‌.ഐക്ക് എതിരായ കേസ് കോൺസ്റ്റബിൾ അന്വേഷിക്കുന്നത് പോലെയാണ് സർക്കാരിനും പൊലീസ് മേധാവിക്കുമെതിരായ സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തൽ ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുന്നതെന്ന് പി.ടി. തോമസ് എം.എൽ.എ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button