ഒരു വീട്ടിലെ 6 കുട്ടികൾ മരിച്ച സംഭവം:അവസാനം മരിച്ച കുട്ടിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം
മലപ്പുറം : 9 വർഷത്തിനിടെ ഒരു വീട്ടിലെ 6 കുട്ടികൾ മരിച്ച സംഭവത്തിൽ അവസാനം മരിച്ച കുട്ടിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഇക്കാര്യം പോലീസിനെ അറിയിച്ചു. മരണം സംബന്ധിച്ച കൂടുതൽ വ്യക്തതക്ക് വേണ്ടി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു.
9 വർഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികളാണ് തിരൂരിൽ മരിച്ചത്. അവസാനം മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ ധൃതിപിടിച്ച് സംസ്കരിച്ചതിൽ സംശയം തോന്നിയ അയൽവാസിയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് അവസാനം മരിച്ച 93 ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തിരുന്നു.
ആർ.ഡി.ഒ, ഡി.വൈ.എസ്.പി, ഫോറൻസിക് സർജൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ കുട്ടിയുടേത് സ്വാഭാവിക മരണമാണെന്ന പ്രാഥമിക വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ദുരൂഹതകളില്ലെന്നും ബലപ്രയോഗം നടന്നതിന്‍റെയോ വിഷാംശത്തിന്‍റെയോ അടയാളങ്ങളില്ലെന്നും പോലീസിനെ ധരിപ്പിച്ചു. കൂടുതൽ വ്യക്തതക്ക് വേണ്ടി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു.