News

കരുണ സംഗീത നിശ വിവാദം:പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജി ജോർജിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് നടന്നു എന്ന് വ്യക്തമായാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരും.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാർത്ഥം എന്നു പരസ്യം ചെയ്തായിരുന്നു കരുണ സംഗീതനിശ നടത്തിയത്. എന്നാൽ പരിപാടി നടന്നു മൂന്ന് മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടക്കാത്ത പണം വിവാദമുണ്ടായപ്പോൾ മാത്രമാണ് അടച്ചത്. തുടർന്ന് പരിപാടിയുടെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ ജില്ലാ കളക്‌ടർ എസ്.സുഹാസിന് പരാതി നൽകിയിരുന്നു. കളക്ടർ ഇത് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്‌ക്ക് കൈമാറി. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഏൽപ്പിച്ചത്.

പ്രളയ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാൻ എന്ന കാരണം കൊണ്ട് മാത്രമാണ് റീജിയണൽ സ്പോർട്സ് സെന്റർ സ്റ്റേഡിയം സൗജന്യമായി വിട്ടു നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയോ എന്ന് ചോദിച്ച് ജനുവരി മൂന്നിന് മ്യൂസിക് ഫൗണ്ടേഷന് കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് റീജിയണൽ സ്പോർട്സ് സെന്റർ സെക്രട്ടറി വ്യക്തമാക്കി.

തന്റെ പേര് അനുമതിയില്ലാതെ പരിപാടിയുടെ രക്ഷാധികാരി എന്ന നിലയിൽ ഉപയോഗിച്ചതിനെതിരെ ജില്ലാ കളക്‌ടർ മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹി ബിജിബാലിന് നോട്ടീസ് അയച്ചിരുന്നു. ഇനി ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ, വിശദീകരണക്കുറിപ്പ് തയ്യാറാക്കിയപ്പോൾ ക്‌ളറിക്കൽ പിഴവ് സംഭവിച്ചതാണെന്നായിരുന്നു ബിജിബാലിന്റെ വിശദീകരണം. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് കേസ് കൊടുക്കാമെന്നും നിയമപരമായി ആവശ്യപ്പെടുമ്പോൾ മാത്രമേ കണക്ക് നൽകാനാകൂയെന്നും ബിജിപാൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button