Top Stories
കുഞ്ഞു മകന്റെ തലയടിച്ചു കൊന്ന കരിങ്കൽ ഭിത്തിയുൾപ്പെടെ കാട്ടിക്കൊടുത്ത് ശരണ്യ തെളിവെടുപ്പിൽ;പ്രതിഷേധവുമായി നാട്ടുകാർ
കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കരിങ്കൽ ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ ശരണ്യയെ തെളിവെടുപ്പിന്റെ ഭാഗമായി വീട്ടിലും കടപ്പുറത്തും എത്തിച്ചു. കൊലപാതകം നടത്തിയത് ശരണ്യ തനിച്ചാണെന്നും ഭർത്താവ് പ്രണവിനോ ശരണ്യയുടെ കാമുകനോ സംഭവത്തിൽ പങ്കില്ലെന്നും കണ്ണൂർ സിറ്റി സി.ഐ. പി.ആർ. സതീഷ് പറഞ്ഞു. ശരണ്യയെ വൈകിട്ട് കോടതിയിൽ ഹാജരാക്കിയേക്കും.
കനത്ത പ്രതിഷേധത്തിനിടെയായിരുന്നു തെളിവെടുപ്പ്. പൂർണമായും ശരണ്യ തെളിവെടുപ്പിൽ പോലീസിനോട് സഹകരിച്ചു. കുഞ്ഞിനെ തലക്കടിച്ചു കൊലപ്പെടുത്തിയ സ്ഥലവും കൊന്ന രീതിയും മറ്റും വിശദമായി ശരണ്യ പോലീസിന് വിവരിച്ചു കൊടുത്തു. ആദ്യം തയ്യിൽ കടപ്പുറത്തെ വീട്ടിലെ കിടപ്പുമുറിയിലേക്കാണ് തെളിവെടുപ്പിന് കൊണ്ടുപോയത്.വീട്ടുകാരുടെ പ്രതിഷേധവും കൂട്ടനിലവിളിയായിരുന്നു ആ സമയത്തുണ്ടായത്. പിന്നീട് കുഞ്ഞിനെ കൊലപ്പെടുത്തിയ സ്ഥലത്തേക്ക് ശരണ്യയെ കൊണ്ടുപോയി. അവിടെയെത്തിച്ചേർന്ന ആളുകൾ തെളിവെടുപ്പിനു പിന്നാലെ ശരണ്യയെ കയ്യേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. പ്രതിഷേധവുമായെത്തിയവരിൽ അധികവും സ്ത്രീകളായിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തി ഭർത്താവിനെ പ്രതിയാക്കിയ ശേഷം കാമുകനൊപ്പം കഴിയാമെന്നായിരുന്നു ശരണ്യയുടെ പദ്ധതി. മൂന്ന് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് ശരണ്യ ഭർത്താവിന്റെ സുഹൃത്തായ നിധിനുമായി അടുക്കുന്നത്. ഭർത്താവ് പ്രണവ് ഗൾഫിലായിരുന്നു. തിരിച്ച് നാട്ടിലെത്തിയ പ്രണവ് ഈ ബന്ധമറിഞ്ഞതിനെ തുടർന്ന് ശരണ്യയുമായി അകന്നു. ഭർത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി നിധിനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ ലക്ഷ്യം. കൊലപാതകം ആസൂത്രണം ചെയ്ത ശേഷം ഞായറാഴ്ച ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. കുഞ്ഞിന്റെ കൊലപാതകത്തിൽ ഭർത്താവിനെ പ്രതിയാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.
പുലർച്ചെ മൂന്ന് മണിയോടെ പ്രണവിനൊപ്പംഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്ത് വീടിന്റെ പിറക് വശത്ത് കൂടി കടപ്പുറത്തേക്ക് പോയി. കടൽഭിത്തിയിൽ കയറി നിന്ന് കുഞ്ഞിനെ കടലിലേക്ക് വലിച്ചെറിഞ്ഞു. കടൽഭിത്തിയിലെ കരിങ്കല്ലിനുമേൽ തലയടിച്ചതോടെ കുഞ്ഞ് ഉറക്കെ കരഞ്ഞു. കുഞ്ഞിന്റെ വായ പൊത്തിയ ശേഷം വെള്ളത്തിലേക്ക് വീണ്ടും വലിച്ചെറിഞ്ഞു. ഒന്നര വയസുകാരനായ മകൻ മരിക്കുമെന്ന് ഉറപ്പ് വരുത്തിയാണ് ശരണ്യ മടങ്ങിയത്.
കുഞ്ഞിനെ കാണാതായതിൽ പ്രണവിന് പങ്കുണ്ടെന്നാണ് ശരണ്യ ആദ്യം മൊഴി നൽകിയത്. കുഞ്ഞിന്റെ മൃതദേഹം കിട്ടിയതിന് ശേഷമുള്ള ശരണ്യയുടെ പെരുമാറ്റം പൊലീസിന് സംശയമുണ്ടാക്കി. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയും ഫോറൻസിക് പരിശോധനാ ഫലവും എതിരായതോടെ ശരണ്യ കുറ്റം സമ്മതിച്ചു.