സിഎജി റിപ്പോർട്ട് തെറ്റ്:തോക്കുകളും തിരകളും കാണാതായിട്ടില്ല;സംഭവിച്ചത് കണക്കിലെ പിഴവ്
തിരുവനന്തപുരം: തോക്കുകൾ കാണാതായിട്ടില്ലന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. തോക്കുകൾ കാണാതായതായുള്ള സിഎജി റിപ്പോർട്ട് തെറ്റാണെന്നും, തോക്കുകളും വെടിയുണ്ടകളും സബന്ധിച്ച കണക്ക് സൂക്ഷിക്കുന്നതിൽ 1994മുതൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോർട്ടിൽ പറയുന്നു.
ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടിട്ടില്ലെന്നും അവ സ്റ്റോറിൽ ഉണ്ടെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. എസ്എപി ബറ്റാലിയനിൽനിന്ന് 25 തോക്കുകൾ കാണാതായതായി സിഎജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ പോലീസ് വകുപ്പ് നടത്തിയ വിശദമായ കണക്കെടുപ്പിൽ ഈ 25 തോക്കുകളും എസ്എപി ബറ്റാലിയനിൽനിന്ന് തിരുവനന്തപുരത്തെ ഏ ആർ ക്യാമ്പിലേയ്ക്ക് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.
തോക്കുകൾ നിലവിൽ ഉള്ള സ്ഥലങ്ങൾ സംബന്ധിച്ച് സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയതിൽ ഉണ്ടായ പിഴവാണ് കണക്കിൽ തെറ്റുണ്ടാകാനുള്ള കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആയുധങ്ങളുടെ കണക്ക് സൂക്ഷിക്കുന്നതിൽ വരുത്തിയ തെറ്റുകൾ ഗുരുതരമായ ഉത്തരവാദിത്വരാഹിത്യമാണ്. എന്നാൽ ആയുധങ്ങൾ കാണാനില്ലെന്ന് പ്രചരിപ്പിച്ച് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നും റിപ്പോർട്ട് പറയുന്നു.
സായുധ ബറ്റാലിയൻ ഡിഐജിയുടെ നേതൃത്വത്തിൽ എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്ക് ഒരിക്കൽക്കൂടി എടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടന്നും കൂടാതെ ഇവയുടെ വിവരങ്ങൾ കമ്പ്യൂട്ടറൈസ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ടന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഡി ജി പിക്ക് ഔദ്യോഗികവസതി ഇല്ലാത്തതുകൊണ്ടാണ് വില്ല പണിഞ്ഞതെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.പോലീസുകാർക്ക് കോട്ടേഴ്സ് പണിയാനുള്ള തുക വകമാറ്റിയല്ല ഡിജിപിക്ക് വില്ല പണിതതെന്നും റിപ്പോർട്ടിൽ പറയുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാൻ ഓപ്പൺ ടെൻഡർ വിളിക്കാത്തത് സുരക്ഷാ കാരണം മുൻനിർത്തിയാണ് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പൊതുവേ ഡിജിപിക്കെതിരെ ഉള്ള എല്ലാ ആരോപണങ്ങളെയും പ്രതിരോധിച്ചുകൊണ്ടാണ് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
അതേസമയം പൊലിസിന്റെ വെടിയുണ്ടകൾ കാണാതായ കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. എഡിജിപി ടോമിൻ തച്ചങ്കരിയുടെ മേൽനോട്ടത്തിൽ ഐജി. എസ്. ശ്രീജിത്ത് അന്വേഷണത്തിന് നേതൃത്വം നൽകും. വെടിയുണ്ടകൾ കാണാതായ 22 വർഷത്തെ, 7 ഘട്ടങ്ങളായി തിരിച്ചാണ് അന്വേഷണം. ഐജി. എസ്. ശ്രീജിത്ത് നേതൃത്വം നൽകുന്ന സംഘത്തിൽ എസ്പിയും ഡിവൈഎസ്പിമാരും ഉൾപ്പെടെ 15 പേരുണ്ടാകും. രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് ടോമിൻ ജെ തച്ചങ്കരി അറിയിച്ചു.