News
ലോക കേരള സഭയുടെ ഭക്ഷണത്തിന്റെ പണം വേണ്ട:റാവീസ് ഗ്രൂപ്പ്
തിരുവനന്തപുരം : ലോക കേരള സഭയുടെ ഭക്ഷണത്തിന്റെ പണം വേണ്ടെന്ന് റാവീസ് ഗ്രൂപ്പ്. ഭക്ഷണത്തിന്റെ ബിൽ തുകയായ എൺപത് ലക്ഷം രൂപയാണ് റാവിസ് ഗ്രൂപ്പ് വേണ്ടെന്ന് വയ്ക്കുന്നത്.
ലോക കേരള സഭയിൽ പങ്കെടുത്ത ഓരോ പ്രവാസിയും തന്റെ സഹോദരങ്ങളാണ്. സ്വന്തം കുടുംബത്തിൽ വന്ന് ഭക്ഷണം കഴിക്കുമ്പോൾ പണം ഈടാക്കുന്ന സംസ്കാരം തനിക്കില്ല. ഭക്ഷണ ചെലവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും
യാതൊരു തുകയും ഈടാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഡോക്ടർ ബി രവിപിള്ള വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പരിപാടിയുടെ നടത്തിപ്പിനായി ഉണ്ടാക്കിയ ഭക്ഷണത്തിന്റെ മെനുവും സാധാരണ രീതിയിൽ റാവിസ് കോവളം ഈടാക്കുന്ന സേവന വില വിവരവുമാണ് സംഘാടകർക്ക് നൽകിയിരുന്നത്. പ്രസ്തുത വിവരം ലോക കേരള സഭയുടെ ബന്ധപ്പെട്ട കമ്മിറ്റിയുടെ മുമ്പില്‍ വച്ചിട്ടുണ്ടാകാം.
റാവിസുമായി ബന്ധപ്പെട്ട വിഷയമായതിനാൽ, വിവാദത്തിനു മുൻപ് ഒരു നിജസ്ഥിതിക്കായി റാവിസ് കോവളം അധികൃതരെ ഒന്ന് ബന്ധപ്പെട്ടിരുന്നെങ്കിൽ ഈ അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നു.
റാവിസിന്റെ ബിസിനസ് നിബന്ധന അനുസരിച്ചാണെകിൽ ഏതു പരിപാടിക്കും ഒരു അഡ്വാൻസ് തുക കൈപ്പറ്റുകയും പരിപാടിക്ക് കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ ബാക്കിയുള്ള തുകയ്ക്കായുള്ള നടപടികളും കൈക്കൊള്ളാറുണ്ട്.
ലോക കേരള സഭ കഴിഞ്ഞു ഇത്രയും ദിവസം പിന്നിട്ടിട്ടും റാവിസ് ലോക കേരള സഭാ സംഘാടകരോട് തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ പറഞ്ഞു കേൾക്കുന്ന തുകയുടെ ഒരു ഇടപാടും നടത്തിയിട്ടില്ല. റാവിസ് വ്യക്തമാക്കി.