അനധികൃത സ്വത്ത് സമ്പാദനം:മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
തിരുവനന്തപുരം : മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേസിലെ മറ്റു പ്രതികളായ ശിവകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രൻ, ഷൈജു ഹരൻ, എൻ.എസ്. ഹരികുമാർ എന്നിവരുടെ വീട്ടിലും റെയ്ഡ് നടന്നു. വിജിലൻസ് പ്രത്യേക സെൽ ഡിവൈഎസ്പി എസ് അജിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
വിഎസ് ശിവകുമാറിനും പ്രതികൾക്കുമെതിരെ ഇന്നലെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരിക്കെ, അധികാരദുർവിനിയോഗം നടത്തി ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും പേരിൽ സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി. വിഎസ് ശിവകുമാറിനൊപ്പം പ്രതിചേർത്തവർ ശിവകുമാറിന്റെ ബിനാമികളെന്ന് വിജിലൻസിന്റെ എഫ്‌ഐആറിൽ പറയുന്നു.
കേസിൽ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി എഫ്.ഐ.ആർ വിജിലൻസ് സ്പെഷൽ സെൽ കഴിഞ്ഞദിവസം എഫ്.ഐ.ആർ. സമർപ്പിച്ചിരുന്നു. ശിവകുമാർ മന്ത്രിയായിരിക്കെ മൂന്നു പേരും ലക്ഷങ്ങളുടെ അനധികൃത വരുമാനമുണ്ടാക്കി. സ്വത്ത് സമ്പാദനത്തിനായി ശിവകുമാർ ഇവരുമായി ക്രിമിനൽ ഗൂഡാലോചന നടത്തിയെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. ശിവകുമാർ ഒഴികെയുള്ളവർക്ക് വരവിൽക്കവിഞ്ഞ സ്വത്തുണ്ടായിരുന്നുവെന്ന് വിജിലൻസ് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.