Top Stories

തിരുപ്പൂർ അപകടം:19പേർ മരിച്ചതിൽ18പേരും മലയാളികൾ;മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 20 ആംബുലൻസുകൾ അയച്ചതായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: തിരുപ്പൂർ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരെ എല്ലാവരെയും തിരിച്ചറിഞ്ഞു. 19പേർ മരിച്ചതിൽ18പേരും  മലയാളികളാണ്. 15 പുരുഷന്മാരും 4 സ്ത്രീകളുമാണ് മരിച്ചത്.

എറണാകുളം സ്വദേശി ഐശ്വര്യ, തൃശൂർ അണ്ടത്തോട് കള്ളിവളപ്പിൽ നസീഫ് മുഹമ്മദ് അലി (24), പാലക്കാട് ചീമാറ കൊണ്ടപ്പുറത്ത് കളത്തിൽ രാഗേഷ് (35), പാലക്കാട് ശാന്തി കോളനി നയങ്കര വീട്ടിൽ ജോണിന്റെ ഭാര്യ റോഷാന, തൃശൂർ പുറനയുവളപ്പിൽ ഹനീഷ് (25), എറണാകുളം അങ്കമാലി തുറവൂർ സ്വദേശി കിടങ്ങേൻ ഷാജു- ഷൈനി ദമ്പതികളുടെ മകൻ ജിസ്മോൻ ഷാജു (24), പാലക്കാട് ഒറ്റപ്പാലം ഉദയനിവാസിൽ ശിവകുമാർ (35), തൃശൂർ ഒല്ലൂർ അപ്പാടൻ വീട്ടിൽ ഇഗ്നി റാഫേൽ (39), ഗോപിക ടി.ജി (25) എറണാകുളം, എം.സി. മാത്യു (30) എറണാകുളം, തങ്കച്ചൻ കെ.എ (40) എറണാകുളം ജോഫി പോൾ സി. (30) തൃശൂർ, മാനസി മണികണ്ഠൻ (25) എറണാകുളം, അനു കെ.വി (25) തൃശൂർ, ശിവശങ്കർ പി. (30) എറണാകുളം, ബിനു ബൈജു (17) എറണാകുളം, കർണാടകയിലെ തുംകൂർ സ്വദേശി കിരൺ കുമാർ എം.എസ് (33) എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവർ പെരുമ്പാവൂർ വലവനത്ത് വീട്ടിൽ വി.ഡി. ഗിരീഷ് (43), കണ്ടക്ടർ എറണാകുളം ആരക്കുന്നം വല്ലത്തിൽ വി.ആർ. ബൈജു (42) എന്നിവരും മരിച്ചവരിൽപ്പെടുന്നു.

അപകടത്തിൽ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാനായി 20 ആംബുലൻസുകൾ അയച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പത്ത് ‘കനിവ്’ 108 ആംബുലൻസുകളും പത്ത് സാധാരണ ആംബുലൻസുകളുമാണ് സർക്കാർ അയച്ചിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നും ഇവരെ കേരളത്തിൽ എത്തിച്ച് ചികിത്സ നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, വി.എസ്.സുനിൽകുമാർ എന്നിവർ തിരുപ്പൂരിലെത്തിയിട്ടുണ്ട്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

വാഹനാപകടത്തിൽ പരുക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button