Top Stories

തിരുപ്പൂർ അവിനാശി അപകടം:ലോറിയുടെ ടയർ പൊട്ടിയതല്ല ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം

ചെന്നൈ: തിരുപ്പൂർ അവിനാശിയിലുണ്ടായ വാഹനാപകടത്തിനു കാരണം ഉറങ്ങിപ്പോയതാണെന്ന് അപകടമുണ്ടാക്കിയ കണ്ടൈനർ ലോറി ഡ്രൈവർ ഹേമരാജിന്റെ മൊഴി. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പോലീസിൽ അറിയിച്ചു. വാഹനാപകടത്തിന് കാരണം കണ്ടെയ്നർ ലോറിയുടെ ടയർപൊട്ടി നിയന്ത്രണം വിട്ടതാണെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ വിശദപരിശോധനയിൽ ടയർ പൊട്ടിയിട്ടില്ലെന്ന് കണ്ടെത്തി.അറസ്റ്റിലായ കണ്ടെയ്നർ ലോറി ഡ്രൈവര്‍ ഹേമരാജിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു.ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കോയമ്പത്തൂർ സേലം ഹൈവേയിലെ ആറുവരി പാതയുടെ വലതുവശംചേർന്ന് വന്ന ലോറി ഡിവൈഡറിൽ ഉരഞ്ഞ് 100 മീറ്ററോളം ഓടിയശേഷം ഡിവൈഡറിൽ ഇടിച്ചു മറികടന്ന് മറുഭാഗത്ത് ഇറങ്ങിയപ്പോഴേക്കും ഒരു ടയർ ഊരിത്തെറിച്ചു. ഡിവൈഡറില്‍ ഇടിച്ച് കയറിയതിന്‍റെ ആഘാതത്തില്‍ കണ്ടെനര്‍ ഇരട്ടിപ്രഹരത്തില്‍ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെനറുമായി പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.
അപകടത്തെക്കുറിച്ച് വിശദ അന്വേഷണം തുടങ്ങി. കെഎസ്ആര്‍ടിസി, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിശദ അന്വേഷണം നടത്തും. കേരള സര്‍ക്കാര്‍ തമിഴ്നാടുമായി ബന്ധപ്പെട്ട് സ്ഥിതി വിലയിരുത്തുകയാണ്.

ഇന്നലെ വെളുപ്പിനെ 3.30 തോടെ തിരുപ്പൂർ അവിനാശിയിൽ നടന്ന അപകടത്തില്‍ 19 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. പരിക്കേറ്റ് ചികിത്സയിലുള്ളവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയ ഒരാളുടെ കാര്യത്തിലാണ് ആശങ്ക കൂടുതല്‍. പരിക്ക് സാരമല്ലാത്തവര്‍ ഇന്നലെ തന്നെ നാട്ടിലേക്ക് മടങ്ങി തുടങ്ങിയിരുന്നു. മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button