News

കന്യാസ്ത്രീ ബലാത്സംഗ കേസ്:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ വിടുതല്‍ ഹർജിയില്‍ ഇന്ന് കോടതി വാദം കേള്‍ക്കും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ വിടുതല്‍ ഹർജിയില്‍ ഇന്ന് കോടതി വാദം കേള്‍ക്കും. വിചാരണ തുടങ്ങുന്നതിന് മുന്‍പ് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കൽ ഹർജി നല്കിയത്. ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോടതിയിൽ ഹാജരാകില്ല.

കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ഫ്രാങ്കോയുടെ വിടുതൽ ഹർജി പരിഗണിക്കുന്നത്. വിടുതൽ ഹർജി തള്ളിയാൽ മേൽക്കോടതിയെ സമീപിക്കാനാണ് ഫ്രാങ്കോയുടെ തീരുമാനം.

കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ്  കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 നഴ്സുമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ  ലൈംഗീകമായി  പീഡിപ്പിക്കൽ ഉൾപ്പടെ ആറു  വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.

അതിനിടെ ഫ്രാങ്കോയുടെ നേർക്ക് പുതിയ ലൈംഗിക  ആരോപണവുമായി പീഡനക്കേസിൽ സാക്ഷിയായ കന്യാസ്ത്രീയുടെ മൊഴി പുറത്ത് വന്നു. മഠത്തിൽവെച്ച് ബിഷപ്പ് കടന്നുപിടിച്ചുവെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണങ്ങൾ നടത്തിയെന്നും ശരീരഭാഗങ്ങൾ കാണിക്കാൻ ബിഷപ്പ് ഫ്രാങ്കോ നിർബന്ധിച്ചെന്നും കന്യാസ്ത്രി
നൽകിയ മൊഴിയിൽ പറയുന്നു. ബിഹാറിൽ ജോലി ചെയ്യുകയായിരുന്ന കന്യാസ്ത്രീ കേരളത്തിലെ ഒരു മഠത്തിലെത്തിയപ്പോഴായിരുന്നു ഫ്രാങ്കോ അപമര്യാദയായി പെരുമാറിയത് എന്നാണ് മൊഴി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button