News
കണ്ണൂരിൽ കാറിൽ കടത്തിയ വെടിയുണ്ടകൾ പിടികൂടി
കണ്ണൂർ : ഇരിട്ടി കിളിയന്തറ ചെക്‌പോസ്റ്റിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 60 വെടിയുണ്ടകൾ പിടികൂടി. നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരകളാണ് പിടികൂടിയത്. തില്ലങ്കേരി മച്ചൂർ മലയിലെ കെ.പ്രമോദിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി തിരകളും കാറും പ്രതിയേയും ഇരിട്ടി പൊലീസിന് കൈമാറി.
എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഓൾട്ടോ കാറിൽ കടത്തുകയായിരുന്ന തിരകൾകണ്ടെത്തുന്നത്. കാറിന്റെ ഡിക്കിക്കടിയിൽ ഒളിപ്പിച്ചുവച്ചനിലയിലായിരുന്നു തിരകൾ. 60 തിരകളാണ് ഉണ്ടായിരുന്നത്. എക്‌സൈസ് സംഘത്തിന്റെ പ്രാഥമികാന്വേഷണത്തിൽ കൃഷി നശിപ്പിക്കുന്ന പന്നികളെയും , കുരങ്ങന്മാരെയും തുരത്തുന്നതിന് വേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്ന് പ്രതി പറഞ്ഞതായി എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.