Top Stories
അയോധ്യ:പള്ളി പണിയാനായി സർക്കാർ നൽകിയ ഭൂമി ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച സുന്നി വഖഫ് ബോർഡിനെതിരെ മുസ്ലിം വ്യക്തി നിയമബോർഡ്
ഡൽഹി : അയോധ്യയിൽ പള്ളി പണിയാനായി ഉത്തർപ്രദേശ് സർക്കാർ നൽകിയ ഭൂമി ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച സുന്നി വഖഫ് ബോർഡിനെതിരെ മുസ്ലിം വ്യക്തി നിയമബോർഡ്. തീരുമാനം മുസ്ലിം വിഭാഗത്തിന്റെ താല്പര്യത്തിന് എതിരാണെന്ന് വ്യക്തിനിയമ ബോർഡ് കുറ്റപ്പെടുത്തുന്നു.
സുപ്രീംകോടതി വിധിപ്രകാരം പള്ളിക്കായി യുപി സർക്കാർ കണ്ടെത്തിയ അഞ്ചേക്കർ ഭൂമി ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചത് യുപി സെൻട്രൽ സുന്നി വഖഫ് ബോർഡ് ചെയർപേഴ്സൺ സുഫർ ഫാറൂഖിയാണ്. സുപ്രീം കോടതിയുടെ തീരുമാനം നിരസിക്കാനുള്ള സ്വാതന്ത്ര്യം ബോർഡിനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂമി സ്വീകരിക്കാൻ തീരുമാനിച്ചതെന്നും ഫറൂഖി വ്യക്തമാക്കിയിരുന്നു. അയോധ്യ ജില്ലയിലെ റൗനാഹി പൊലീസ് സ്റ്റേഷന് തൊട്ടടുത്ത്, സോഹാവൽ എന്നയിടത്താണ് പള്ളി പണിയാനായി സർക്കാർ ഭൂമി കണ്ടെത്തി നൽകിയിരിക്കുന്നത്.
പള്ളി പണിയാനായി ഉചിതമായ സ്ഥലം കണ്ടുപിടിച്ച് വഖഫ് ബോർഡിന് നൽകണമെന്ന് നവംബർ 9 ന് ഉത്തർപ്രദേശ് സർക്കാറിനോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ വിധിക്കു ശേഷം ഇതുവരെ ഭൂമി സ്വീകരിക്കുന്നതിനെക്കുറിച്ച് സുന്നി വഖഫ് ബോർഡ് നിലപാട് വ്യക്തമാക്കിയിരുന്നില്ല. തുടർന്ന് വിവാദം ഉണ്ടായ പശ്ചാത്തലത്തിലാണ് വഖഫ് ബോർഡ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഈ ഭൂമിയിൽ എന്ത് ചെയ്യണമെന്നും, അതെങ്ങനെ വേണമെന്നും ഫെബ്രുവരി 24-ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും ഫറൂഖി അറിയിച്ചിരുന്നു.