Top Stories
കൊല്ലത്ത് വെടിയുണ്ട ഉപേക്ഷിക്കപ്പെട്ട സംഭവം:മിലിറ്ററി ഇന്റലിജന്റ്‌സ് അന്വേഷണം ആരംഭിച്ചു
കൊല്ലം: കുളത്തൂപ്പുഴയില്‍ പാക്കിസ്ഥാൻ ഓർഡ്നൻസ് ഫാക്ടറിയുടെ മുദ്രയുള്ള വെടിയുണ്ട ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മിലിറ്ററി ഇന്റലിജന്റ്‌സ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും വനമേഖലയിൽ ഇന്നും പരിശോധന തുടരുകയാണ്. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന.
പാക് സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ എൻഐഎ സംഘവും അന്വേഷണത്തിന് എത്തിയേക്കുമെന്നാണ് വിവരം. പ്രാഥമിക അന്വേഷണത്തില്‍ ചില സൂചന ലഭിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു . വിവരങ്ങള്‍ കേന്ദ്രസേനകള്‍ക്ക് കൈമാറിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായും ബന്ധപ്പെടുന്നുണ്ട് എന്ന് ഡി ജി പി അറിയിച്ചു .
പതിനാല് വെടിയുണ്ടകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൊല്ലം റൂറൽ എസ് പിയുടെ നേതൃത്വത്തിൽ ഇന്നല ഉണ്ടകൾ പരിശോധിച്ചിരുന്നു. കണ്ടെത്തിയത് മെഷിൻ ഗണ്ണിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണെന്നാണ് ബാലിസ്റ്റിക് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. 7.62 എം എം വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ചുരുക്കെഴുത്തിൽ എഴുതിയിരിക്കുന്ന വെടിയുണ്ടകൾ 1980 കാലഘട്ടത്തിൽ പാകിസ്ഥാനിൽ നിർമിച്ചിരുന്നതിന് സമാനമാണെന്നാണ് സംശയം ഉയർന്നിരിക്കുന്നത്.ഇന്ത്യയിലെ ഒരു സേനകളും ഈ വെടിയുണ്ടകള്‍ ഉപയോഗിക്കുന്നില്ല.