അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിലായി
കേപ്ടൗൺ: അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിലായി. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ പിടികൂടിയത്. രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കർണാടക പോലീസ് സംഘവും റോയുടെ ഉദ്യോഗസ്ഥരും സെനഗലിൽ എത്തി.
കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽനിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. അറസ്റ്റിലായ രവി പൂജാരിയെ പിന്നീട് സെനഗലിൽ എത്തിച്ചു. രവി പൂജാരിയെ പിടികൂടാനുള്ള ഓപ്പറേഷനിൽ ദക്ഷിണാഫ്രിക്കൻ ഏജൻസികളും സഹായിച്ചു. നേരത്തെ സെനഗലിൽ പിടിയിലായ രവി പൂജാരി ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു.
ബുർക്കിനഫാസോ പാസ്പോർട്ട് ഉപയോഗിച്ച് ആന്റണി ഫെർണാണ്ടസ് എന്ന വ്യാജ പേരിലാണ് രവി പൂജാരി ആഫ്രിക്കയിൽ കഴിഞ്ഞിരുന്നത്. ഇന്ത്യയിൽ ഇയാൾക്കെതിരെ കൊലക്കേസുകൾ അടക്കം ഇരുന്നൂറിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്തിടെ കൊച്ചിയിൽ നടന്ന ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലും രവി പൂജാരിക്ക് പങ്കുണ്ട്.