News
അനധികൃത സ്വത്ത് സമ്പാദനം:കുരുക്ക് മുറുക്കി വിജിലൻസ്;ശിവകുമാറിന്റെ ബാങ്ക് ലോക്കർ തുറക്കും
തിരുവനന്തപുരം: മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസില്‍ ഊർജിത അന്വേഷണവുമായി വിജിലന്‍സ്. ശിവകുമാറിന്‍റെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കാനുളള നീക്കത്തിലാണ് വിജിലന്‍സ് സംഘം. ഇതിനായി ഇന്ന് ബാങ്കിന് വിജിലൻസ് നോട്ടീസ് നൽകും.
ശിവകുമാർ സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരിൽ ബിമാനി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. കേസ് അന്വേഷിക്കാൻ വിജിലൻസ് എസ് പി, വി.എസ് അജിയുടെ നേതൃത്വത്തിൽ പത്തംഗ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഓഡിറ്ററെയടക്കം ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചത് . ശിവകുമാർ ഉള്‍പ്പെടെ നാലു പേരുടെയും സ്വത്തു വിവരങ്ങള്‍ പ്രത്യേകമായി അന്വേഷിക്കാനാണ് തീരുമാനം.
അതേ സമയം കഴിഞ്ഞ വ്യാഴാഴ്ച ശിവകുമാറിന്റെ വീട്ടിൽ 17 മണിക്കൂർ വിജിലൻസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സൂചന.
പൊതുപ്രവർത്തനം നടത്തുന്ന ആളുകളെ അപമാനിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് തന്റെ വീട്ടിൽ നടത്തിയ പരിശോധനയെന്നും റെയ്ഡ് സത്യത്തിൽ തനിക്ക് ഒരു അനുഗ്രഹമായി. രാഷ്ട്രീയ എതിർപ്പുള്ളവരെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും തന്റെ നിരപരാധിത്വം മാത്രമല്ല ബാധ്യതയും വിജിലൻസിന് മനസിലായിട്ടുണ്ടെന്നും ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.