Top Stories
കുളത്തൂപ്പുഴയിൽ കണ്ടെത്തിയ വെടിയുണ്ടകളിൽ രണ്ടെണ്ണം ചൈനയിൽ നിർമ്മിച്ചതെന്ന് സംശയം
കൊല്ലം : കുളത്തൂപ്പുഴയിൽ വഴിയരികിൽ കണ്ടെത്തിയ വെടിയുണ്ടകളിൽ രണ്ടെണ്ണം ചൈനയിൽ നിർമ്മിച്ചത്. എ.കെ 47 തോക്കുകളിൽ ഉപയോഗിക്കുന്ന 7.62×39എം എം വെടിയുണ്ടകൾ ആണ് ചൈനയിൽ നിർമ്മിച്ചത്. ഇവ 1972 ൽ നിർമ്മിച്ച വെടിയുണ്ടകൾ ആണ്.611 എന്ന നമ്പർ രേഖപ്പെടുത്തിയിട്ടുള്ള വെടിയുണ്ടകൾ ചൈനയിലെ സ്വകാര്യ വെടിക്കോപ്പ് നിർമാണശാലയിൽ നിർമ്മിച്ചതാണെന്നാണ് നിഗമനം.
14 ഉണ്ടകളും കടലാസിൽ പൊതിഞ്ഞ് ഗ്രീസും മെഴുകും ഉപയോഗിച്ച് വൃത്തിയായി സൂക്ഷിച്ചിരുന്നവയാ ണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജനുവരി 28 ന് പുറത്തിറങ്ങിയ മലയാളത്തിലാണ് ഉണ്ടകൾ പൊതിഞ്ഞിരുന്നത്.
എകെ 47നിൽ ഉപയോഗിക്കുന്ന രണ്ട് വെടിയുണ്ടകൾ 1972 ൽ ചൈനയിൽ നിർമ്മിച്ചവയും ബാക്കിയുള്ള 12 വെടിയുണ്ടകൾ 1982 പാകിസ്ഥാനിൽ നിർമ്മിച്ചവയാണ് എന്നാണ് നിഗമനം. പി.ഒ.എഫ് എന്ന കോടുള്ള 7.62×51എംഎം വലിപ്പമുള്ള ഉണ്ടകൾ എസ് എൽ ആർ തോക്കുകളിൽ ഉപയോഗിക്കുന്നവയാണ്.
അതേസമയം വെടി ഉണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെയും സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെയും അന്വേഷണം തുടരുകയാണ്. തോക്ക് കൈവശം ഉള്ളവരെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കും. ഒരു വർഷത്തിനിടെ കുളത്തൂപ്പുഴ, അഞ്ചൽ മേഖലകളിൽ സമാനമായ കേസുകൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷണ സംഘങ്ങൾ പരിശോധിക്കുന്നുണ്ട്. വിശദാംശങ്ങൾ ശേഖരിച്ച ശേഷം കേസ് എടുക്കും.