Top Stories
നമസ്തേ ട്രംപ്: ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുന്ന 36 മണിക്കൂറുകൾ രാവിലെ 11.40ന് തുടങ്ങും
അഹമ്മദാബാദ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. രാവിലെ 11.40-ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കും. 12.15-ന് ഗാന്ധിജിയുടെ സബർമതി ആശ്രമസന്ദർശനം. ശേഷം മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ‘നമസ്തേ ട്രംപ്’ പരിപാടിയിൽ ഇരു നേതാക്കളും പങ്കെടുക്കും.
ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തിൽ നിർണ്ണായക മാറ്റങ്ങളുണ്ടാക്കിയേക്കാവുന്ന മുപ്പത്തിയാറു മണിക്കൂർ നീളുന്ന സന്ദർശനത്തിനാണ് ഇന്ന് 11.40ന് തുടക്കം കുറിക്കുന്നത്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിൽ ഭാര്യ മെലാനിയയും മകൾ ഇവാൻക, ഇവാൻകയുടെ ഭർത്താവ് ജെറാദ് കുഷ്നർ തുടങ്ങിയവരും ഉന്നതതല പ്രതിനിധി സംഘവും അനുഗമിക്കുന്നുണ്ട്.
ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതൽ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നൽകുന്ന ഉച്ചവിരുന്നിൽ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്കു പോകും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹൽ സന്ദർശിക്കും.
താജ്മഹൽ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റിനും പ്രഥമ വനിത മെലാനിയ ട്രംപിനും രാജകീയ സ്വീകരണമാണ് ആഗ്രയിൽ ഒരുക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് അമർ വിലാസ് കൊട്ടാരത്തിലേക്കുള്ള പത്തുകിലോമീറ്റർ റോഡരുകിൽ 16,000ത്തോളം ചെടികളാണ് ഉത്തർപ്രദേശ് സർക്കാർ വെച്ചു പിടിപ്പിച്ചത്. ട്രംപ് കടന്നുപോകുമ്പോൾ റോഡിന്റെ ഇരുവശത്തും ഇന്ത്യൻ-അമേരിക്കൻ പതാകകളേന്തി കുട്ടികളും വഴിയരികിൽ അണിനിരക്കും. റോഡിലെ 21 ഇടത്ത് നൃത്തസംഘങ്ങളും അണിനിരക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാംസ്കാരിക പാരമ്പര്യം നൃത്തരൂപങ്ങളിലൂടെ ഇവർ അവതരിപ്പിക്കും.
ചൊവ്വാഴ്ചയാണ് നിർണായക നയതന്ത്ര ചർച്ചകൾ. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ രാവിലെ ചൊവ്വാഴ്ച 11-നു മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വാണിജ്യം, ഊർജം, പ്രതിരോധം, ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുരാജ്യങ്ങളും പരസ്പര സഹകരണത്തിനുള്ള അഞ്ചു ധാരണാപത്രങ്ങളിലും നാവികസേനയ്ക്കായി 260 കോടി ഡോളർ ചെലവിൽ 24 സീഹോക്ക് ഹെലികോപ്റ്റർ വാങ്ങാനുള്ള കരാറിലും ഒപ്പുവെക്കും.
ഇന്ത്യയിലെത്തുന്ന ട്രമ്പിനും കുടുംബത്തിനുമായി ഗുജറാത്തി ശൈലിയിൽ തയ്യാറാക്കിയ സസ്യാഹാരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഗുജറാത്തി വിഭവമായ ഖമൻ, ബ്രൊക്കോളി-കോൺ സമൂസ, മൾട്ടി ഗ്രെയിൻ റൊട്ടി, സ്പെഷൽ ഗുജറാത്തി ജിഞ്ചർ ടീ, ഐസ് ടീ, കരിക്കിൻവെള്ളം തുടങ്ങിയവയാണ് ട്രംപിനുള്ള മെനുവിൽ ഇടംപിടിച്ചിരിക്കുന്നത്.
ഫോർച്യൂൺ ലാൻഡ്മാർക്ക് ഹോട്ടലിലെ ഷെഫ് സുരേഷ് ഖന്നയ്ക്കാണ് ട്രംപിനും കുടുംബത്തിനുമുള്ള ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല.