മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊന്ന കേസ്:ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരാകും
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് ഇന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കേസിലെ പ്രതികളായ ഐ എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും , അപകടസമയത്ത് കാറിൽ ഉണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരാകും.
പ്രതികളോട് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അപകടം നടക്കുന്ന സമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് രണ്ടാം പ്രതി.
2019 ആഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമ പ്രവർത്തകനായ ബഷീറിന്റെ മരണം സംഭവിച്ചത്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.