News
പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു
വയനാട് : സുൽത്താൻ ബത്തേരിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു. നൂൽപ്പുഴ വനാതിർത്തിയിലെ 14 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. ബന്ധുവായ യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിനുശേഷം ഉൾവനത്തിലേക്ക് കടന്ന ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
പെൺകുട്ടിയെ ബന്ധു കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പെൺകുട്ടിയും കൂട്ടുകാരികളും വനത്തിലേക്ക് പോയ സമയത്തായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികൾ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിനകത്തുനിന്ന് പെൺകുട്ടിയെ കണ്ടെത്തി. പോലീസിനെ കണ്ട ബന്ധു ഉൾവനത്തിലേക്ക് ഓടിരക്ഷപ്പെടുകയും ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടിയെ പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളുള്ള തിരച്ചിൽ വനത്തിനുള്ളിൽ തുടരുകയാണ്.