സബർമതി ആശ്രമത്തിലെത്തി ചർക്കയിൽ നൂൽ നൂറ്റ് ട്രംപും മെലാനിയയും
അഹമ്മദാബാദ് : ഡൊണാൾഡ് ട്രംപ് സബർമതി ആശ്രമത്തിൽ സന്ദർശനം നടത്തി. ട്രംപിന് മുന്നേ സബർമതി ആശ്രമത്തിൽ എത്തിച്ചേർന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനെ സബർമതി ആശ്രമത്തിലേക്ക് ഖദർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
തുടർന്ന് ആശ്രമത്തിനുള്ളിലേക്ക് എത്തിയ ഡൊണാൾഡ് ട്രംപ് ഗാന്ധിജിയുടെ ചിത്രത്തിൽ ഹാരം അണിയിച്ച് ആദരിച്ചു. ശേഷം മഹാത്മാഗാന്ധിയുടെ മുറിയിൽ പ്രവേശിച്ച് അദ്ദേഹം ഉപയോഗിച്ചിരുന്ന സാധനങ്ങൾ ട്രംപിന് പ്രധാനമന്ത്രി നരേന്ദ്രമോദി പരിചയപ്പെടുത്തിക്കൊടുത്തു. തുടർന്ന് ഗാന്ധിജി നൂൽ നൂറ്റിയിരുന്ന ചർക്കയിൽ ഡൊണാൾഡ് ട്രംപും മെലാനിയ ട്രംപും നൂൽ നൂൽക്കുകയും ചെയ്തു.
ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ നിമിഷത്തിനാണ് രാഷ്ട്രപിതാവ് നൂൽ നൂറ്റിരുന്ന ചർക്കയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൂൽ നൂറ്റപ്പോൾ സാക്ഷ്യം വഹിച്ചത്. തുടർന്ന് പ്രധാനമന്ത്രിയും ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും അല്പസമയം സബർമതി ആശ്രമാങ്കണത്തിൽ ചെലവഴിച്ചു. തുടർന്ന് സന്ദർശന പുസ്തകത്തിൽ തന്റെ അനുഭവം രേഖപ്പെടുത്തി.
“ഈ മനോഹരമായ സന്ദർശനം യാഥാർത്ഥ്യമാക്കിയതിന് തന്റെ മഹാനായ സുഹൃത്ത് നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു” എന്ന് ഡൊണാൾഡ് ട്രംപ് സബർമതി ആശ്രമത്തിലെ സന്ദർശന പുസ്തകത്തിൽ കുറിച്ചു. തുടർന്ന് ട്രംപ് മോട്ടേര സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ ആയി യാത്രതിരിച്ചു.
സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും മോട്ടേര സ്റ്റേഡിയം വരെയുള്ള വഴികളിൽ ഇരുവശത്തും ജനലക്ഷങ്ങളാണ് ഡൊണാൾഡ് ട്രംപിനെ വരവേൽക്കാൻ എത്തിച്ചേർന്നത്.
#WATCH US President Donald Trump and First Lady Melania Trump spin the Charkha at Sabarmati Ashram. PM Modi also present. #TrumpInIndia pic.twitter.com/TdmCwzU203
— ANI (@ANI) February 24, 2020