Top Stories
സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവെച്ചു:പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ 29 വിദ്യാർത്ഥികൾ
കൊച്ചി: സ്കൂൾ മാനേജ്മെന്റിന്റെ വീഴ്ച കാരണം 29 വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാൻ കഴിയില്ല. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കൂളിന് സി ബി എസ് ഇ അഫിലിയേഷൻ ലഭിക്കാത്തത് മൂലം പരീക്ഷയെഴുതാന്‍ സാധിക്കാത്തത്. സ്കൂളിന് അംഗീകാരം കിട്ടിയിട്ടില്ല എന്ന കാര്യം സ്കൂൾ മാനേജ്മെന്റ് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും മറച്ചുവെച്ചു എന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
സംഭവത്തിൽ തോട്ടുംപടി മൂലംകുഴി സ്കൂളിന് മുന്നിൽ വിദ്യാർത്ഥികളും മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്. രജിസ്ട്രേഷന്‍ അപ്രൂവ് ആയില്ലെന്നാണ് മാനേജ്മെന്‍റ് അറിയിച്ചതെന്നും സ്കൂൾ മാനേജ്മെന്റിന്റെ വീഴ്ചയെ തുടർന്നാണ് പരീക്ഷ എഴുതാൻ സാധിക്കാത്തതെന്ന് സ്കൂൾ കവാടം ഉപരോധിക്കുന്ന മാതാപിതാക്കൾ ആരോപിച്ചു.
സ്കൂൾ ഫീസ് നൽകാൻ വൈകിയാൽ കുട്ടികളെ വെയിലത്തു നിർത്തിയിരുന്ന സ്കൂളാണ് സിബിഎസ്ഇ അഫിലിയേഷൻ ഇല്ല എന്ന കാര്യം അവസാനം വരെ വിദ്യാർഥികളോടും രക്ഷാകർത്താക്കളോടും മറച്ചുവെച്ച് കുട്ടികളുടെ ഒരുവർഷം കളഞ്ഞിരിക്കുന്നത് എന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.
അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിന് സംസ്ഥാന സർക്കാരിന്റേയും അംഗീകാരമില്ല എന്ന് വ്യക്തമായി. 2018 അടച്ചുപൂട്ടാൻ നിർദേശം നൽകിയ സ്കൂളായിരുന്നു ഇത്. അംഗീകാരമില്ലാത്ത സ്കൂളിന്റെ കാര്യത്തിൽ ഇടപെടില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
സിബിഎസ്ഇ അംഗീകാരം ലഭിച്ചിട്ടില്ല എന്നത് മറച്ചു വച്ചതിന് സ്കൂളിനെതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.