News
കണ്ണൂരിൽ സ്കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർഥി അതേ ബസ് കയറി മരിച്ചു
കണ്ണൂർ: പേരാവൂരിൽ സ്കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർഥി അതേ ബസ് കയറി മരിച്ചു. പുതുശ്ശേരിയിലെ പുത്തൻപുരയിൽ ഫൈസലിന്റെയും റസീനയുടെയും മകൻ മുഹമ്മദ് റഫാൻ (5) ആണ് മരിച്ചത്. പേരാവൂർ ശാന്തി നികേതൻ ഇംഗ്ലീഷ് സ്കൂൾ എൽ.കെ.ജി വിദ്യാർഥിയാണ്.
ഇന്ന് വൈകുന്നേരം 4.15- ഓടെ കാഞ്ഞിരപ്പുഴ-പുതുശ്ശേരി റോഡിലാണ് അപകടം. സ്കൂൾ ബസിൽ വീടിനു സമീപത്തെ സ്റ്റോപ്പിലാണ് റഫാനും സഹോദരൻ സൽമാനും ഇറങ്ങിയത്. എതിർ വശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ ബസിന്റെ പിൻഭാഗത്തെ ടയർ കയറിയായിരുന്നു അപകടം. സഹോദരങ്ങൾ: സൽമാൻ, ഫർസ ഫാത്തിമ. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം ബുധനാഴ്ച.