Top Stories
ഡോണൾഡ് ട്രംപിന് ഇന്ന് ഔദ്യോഗിക വരവേൽപ്പ്
ഡൽഹി : അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഇന്ന് ഡൽഹിയിൽ ഔദ്യോഗിക വരവേൽപ് നൽകും. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലാണ് രാജ്യം ട്രംപിന് ഔദ്യോഗിക വരവേല്പ് നൽകുന്നത്.
രാവിലെ 9.45ന് മൗര്യ ഷെറാട്ടണ ഹോട്ടലിൽ നിന്ന് പ്രസിഡന്‍റ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെടും. രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണത്തിന് ശേഷം പത്തര മണിക്ക് ഇരുവരും രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിൽ എത്തും. രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ട്രംപ് മോദിയുമായുള്ള ചര്‍ച്ചക്കായി ഹൈദരാബാദ് ഹൗസിലേക്ക് എത്തും.
12.40ന് ഇരുരാജ്യങ്ങളും അഞ്ച് കരാറുകളിൽ ഒപ്പുവെക്കും. മൂന്ന് ബില്ല്യണ്‍ ഡോളറിന്‍റെ പ്രതിരോധ ഇടപാട് ഉൾപ്പടെ അഞ്ച് കരാറുകളിലാണ് ഇന്ന് ഇരുരാജ്യങ്ങളും ഒപ്പുവെക്കുക. ഉച്ചക്ക് ശേഷം രണ്ടുമണിക്ക്
മോദി-ട്രംപ് സംയുക്ത വാര്‍ത്ത സമ്മേളനം നടക്കും. വൈകീട്ട് ഏഴ് മണിക്ക് ട്രംപിന് രാഷ്ട്രപതി ഭവനിൽ അത്താഴ വിരുന്ന് നല്‍കും. അത്താഴ വിരുന്നിന് ശേഷം രാത്രി 10 മണിക്ക് ട്രംപും സംഘവും മടങ്ങും.
വൈകീട്ട് നടക്കുന്ന അത്താഴ വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും.
സോണിയാഗാന്ധിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കുന്നത്. അധിര്‍ രഞ്ജൻ ചൗധരിക്കും ഗുലാംനബി ആസാദിനും പിന്നാലെ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗും വിരുന്നിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു.
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷാ വലയത്തിലാണ് ഡൽഹി. ന്യൂഡൽഹി മേഖലയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചിരിക്കുകയാണ്. ദേശീയ സുരക്ഷാ ഗാര്‍ഡുകളെയും വിവിധ സൈന്യ വിഭാഗങ്ങളെയും വിവിധ തലങ്ങളിലായി
വിന്യസിച്ചിട്ടുണ്ട്. അമേരിക്കൻ സീക്രട്ട് സർവീസ് ഏജന്‍റുമാരും ഡൽഹിയിലുണ്ട്.