ഡൽഹിയിൽ തുടരുന്ന സംഘർഷത്തിൽ 5 പേർ കൊല്ലപ്പെട്ടു;പത്തിടങ്ങളിൽ നിരോധനാജ്ഞ
ന്യൂഡൽഹി: പൗരത്വനിയമഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ഡൽഹിയിൽ തുടരുന്ന സംഘർഷത്തിൽ 5 പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകുൽപുരി എ.സി.പി. ഓഫീസിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലും (42) നാട്ടുകാരനായ ഫർഖൻ അൻസാരിയും (32) ഉൾപ്പെടെയുള്ള അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. അൻപതോളം പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. സംഘർഷത്തെത്തുടർന്ന് വടക്കുകിഴക്കൻ ഡൽഹിയിൽ പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫ്രാബാദ്, മോജ്പുർ, ഭജൻപുര, ചാന്ദ്ബാഗ്, ശാഹ്ദ്ര, കരാവൽ നഗർ, കബീർ നഗർ, ദയാൽപുർ, ഖജൂരി ഖാസ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും പരസ്പരം കല്ലെറിഞ്ഞതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി. പ്രതിഷേധക്കാർ വാഹനങ്ങൾക്കും കടകൾക്കും വീടുകൾക്കും തീവെച്ചു. വീടുകളും കടകളും കൊള്ളയടിച്ചു. ഡി.സി.പി.യുടെ കാർ കത്തിച്ചു.
സംഘർഷം ശക്തമായതോടെ അർധസൈനിക വിഭാഗം രംഗത്തിറങ്ങി. ജാഫ്രാബാദ്, മോജ്പുർ-ബാബർപുർ, ഗോകുൽപുരി, ജോഹ്രി എൻക്ലേവ്, ശിവ വിഹാർ മെട്രോസ്റ്റേഷനുകൾ അടച്ചു. ഡൽഹിയിലെ സംഭവങ്ങളിൽ പ്രതിഷേധിച്ച് മുംബൈയിലെ മറൈൻ ഡ്രൈവിലും തിങ്കളാഴ്ച രാത്രി വൈകി പ്രക്ഷോഭം നടന്നു. സമരക്കാരെ പോലീസ് അറസ്റ്റുചെയ്തുനീക്കി.