News

പ്രളയ ദുരിതാശ്വാസ തുക സി.പി.എം. നേതാവിന്റെ അക്കൗണ്ടിലേക്ക്;കളക്ടറേറ്റ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

കൊച്ചി : പ്രളയ ദുരിതാശ്വാസ തുകയായ 10.54 ലക്ഷം രൂപ സി.പി.എം. പ്രാദേശിക നേതാവിന്റെ അക്കൗണ്ടിലേക്ക് അനധികൃതമായി ഇട്ട കളക്ടറേറ്റ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.  എറണാകുളം കളക്ടറേറ്റിലെ  പ്രളയ ദുരിതാശ്വാസ സെക്ഷൻ ക്ലർക്ക് വിഷ്ണുപ്രസാദിനെയാണ് ജില്ലാ കളക്ടർ എസ്. സുഹാസ് സസ്പെൻഡ് ചെയ്തത്.

2018-ൽ കേരളത്തെ ബാധിച്ച പ്രളയവുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ ഫണ്ട് സി.പി.എം. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം. അൻവറിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. സി.പി.എം. നിയന്ത്രണത്തിലുള്ള കാക്കനാട് അയ്യനാട് സർവീസ് സഹകരണ ബാങ്കിന്റെ ഫെഡറൽ ബാങ്കിലെ അക്കൗണ്ടിലേക്കായിരുന്നു പണമെത്തിയത്. പിന്നീട് അയ്യനാട് ബാങ്കിലേക്ക് മാറ്റിയാണ് അൻവറിന് പണം നൽകിയത്.

അഞ്ച് ഗഡുക്കളായി എത്തിയ തുകയിൽനിന്ന് അഞ്ച് ലക്ഷം രൂപ അൻവർ പിൻവലിച്ചിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ബാങ്ക് ജീവനക്കാർ കളക്ടറേറ്റിൽ അറിയിച്ചു. തുടർന്ന് കളക്ടറുടെ ഉത്തരവു പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്ലർക്ക് വിഷ്ണുപ്രസാദ് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ക്രമക്കേടിൽ പോലീസ് അന്വേഷണത്തിനും കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.

ക്രമക്കേട് കണ്ടുപിടിച്ചതോടെ പണം തിരികെ നൽകി അൻവർ തടിയൂരി. 2018 ഓഗസ്റ്റിൽ നാടിനെയൊന്നാകെ തകർത്തെറിഞ്ഞ മഹാ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർ സഹായത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുമ്പോഴാണ് അപേക്ഷ പോലും നൽകാത്ത സി.പി.എം. നേതാവിന്റെ അക്കൗണ്ടിലേക്ക് ഇത്രയും വലിയ തുക എത്തിയത്. എന്നാൽ പണം ദുരിതാശ്വാസ നിധിയിൽനിന്ന് ലഭിച്ചതാണെന്ന വസ്തുത അറിഞ്ഞിരുന്നില്ലെന്നാണ് അൻവറിന്റെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button