Top Stories
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ശങ്കരൻ അന്തരിച്ചു
കോഴിക്കോട് : മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ശങ്കരൻ(73) അന്തരിച്ചു. അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ. മൃതദേഹം കാരപ്പറമ്പിലെ വീട്ടിലെത്തിക്കും.സംസ്കാരം വ്യാഴാഴ്ച കടിയങ്ങാട് തറവാട്ട് വളപ്പിൽ.
അർബുദ രോഗബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്നു. മൃതദേഹം നാളെ 2 മണിക്ക് കോഴിക്കോട് ഡിസിസിയിൽ പൊതുദർശനത്തിന് വയ്ക്കും. 10 വർഷത്തോളം കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ആയിരുന്നു. 1998 ൽ കോഴിക്കോട് നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുത്തു. 2001ലെ എകെ ആന്റണി മന്ത്രിസഭയിൽ ടൂറിസം ആരോഗ്യം വകുപ്പ് മന്ത്രിയായിരുന്നു. യുഡിഎഫ് ജില്ലാചെയര്‍മാനും കോ-ഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് സൊസൈറ്റി (കോയിന്‍സ്) പ്രസിഡന്റുമായി പ്രവർത്തിച്ചു വരികയായിരുന്നു.
കേരള രാഷ്ട്രീയത്തില്‍ കെ.കരുണാകരന്‍റെ വിശ്വസ്തന്‍ എന്ന നിലയിലാണ് ശങ്കരന്‍ ശ്രദ്ധേയനായത്. സ്വാതന്ത്ര്യസമരസേനാനിയായ കേളുനായരുടെയും മാക്കം അമ്മയുടെയും പുത്രനായി കടിയങ്ങാട് പുതിയോട്ടില്‍ വസതിയില്‍ 1947 ഡിസംബര്‍ രണ്ടിനായിരുന്നു ജനനം. പേരാമ്പ്ര ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെ.എസ്.യു യൂനിറ്റ് സെക്രട്ടറിയായാണ് പൊതുരംഗത്തെത്തിയത്. തൃശ്ശൂർ കേരള വര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു.
1978ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി. 1980 മുതല്‍ 91 വരെ ഡി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1991ലാണ് ഡി.സി.സി പ്രസിഡന്റായത്. 2001ല്‍ മന്ത്രിയായതോടെയാണ് ഈ പദവി ഒഴിഞ്ഞത്. 1991ല്‍ ബാലുശ്ശേരിയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നി മത്സരം. എ.സി ഷണ്‍മുഖദാസിനോട് പരാജയപ്പെട്ടു. 1996ല്‍ കൊയിലാണ്ടിയില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1998ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് എം.പി വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തി ലോക്‌സഭാംഗമായി.
ഭാര്യ: പ്രൊഫ. വി സുധ (റിട്ട. പ്രിന്‍സിപ്പല്‍, കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ്‌സ് സയന്‍സ് കോളജ്). മക്കള്‍: രാജീവ് എസ് മേനോന്‍ (എന്‍ജിനീയര്‍, ദുബൈ), ഇന്ദു പാര്‍വതി, ലക്ഷ്മി പ്രിയ. മരുമക്കള്‍: രാജീവ്, ദീപക് (ഇരുവരും ഐ.ടി എന്‍ജിനീയര്‍, അമേരിക്ക), ദീപ്തി. സഹോദരങ്ങള്‍: കല്യാണി അമ്മ (പൊക്കിയമ്മ-കടിയങ്ങാട്), ദേവകി അമ്മ (മൊകേരി), പരേതരായ ഗോപാലന്‍ നായര്‍, കോണ്‍ഗ്രസ് നേതാവ് കെ. രാഘവന്‍ നായര്‍.