22000 കോടി രൂപയുടെ പ്രതിരോധ കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചെന്ന് ട്രംപ്
ന്യൂഡൽഹി: 22000 കോടി രൂപയുടെ പ്രതിരോധ കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചെന്ന് ട്രംപ്. ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് മണ്ണിൽ നിന്ന് ഭീകരവാദം തുടച്ചു നീക്കണമെന്ന് ട്രംപും തീവ്രവാദത്തിനെതിരെയുള്ള ഇരുവരുടെയും നിലപാട് വ്യക്തമാക്കി. ഇസ്ലാമിക ഭീകരവാദത്തിനെതിരേ ഇന്ത്യയും അമേരിക്കയും ശക്തമായ നടപടികളാണ് എടുക്കുന്നതെന്നും സംയുക്ത പ്രസ്താവനയിൽ ട്രംപ് പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിൽ മൂന്ന് ധാരണാ പത്രങ്ങളിൽ ഒപ്പിട്ടു. മാനസികാരോഗ്യം, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ മൂന്ന് മേഖലകളിലെ ധാരണാപത്രങ്ങളിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനും മാനസിക ആരോഗ്യ രംഗത്തെ സഹകരണത്തിനും പ്രകൃതിവാതക നീക്കത്തിന് ഐഒസി–എക്സോൺമൊബിൽ കരാറിലും ധാരണയായി.
ആഭ്യന്തര സുരക്ഷാ മേഖലയിൽ ഇരുരാജ്യങ്ങളും സഹകരിക്കും. വ്യാപാര രംഗത്ത് ഇരുരാജ്യങ്ങളും സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച കൂടിക്കാഴ്ചയിൽ നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മേദി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വാണിജ്യമന്ത്രിമാർ തമ്മിൽ ഇക്കാര്യത്തിൽ യോജിപ്പിലെത്തി വാണിജ്യ ചർച്ചകൾക്ക് രൂപം നൽകുമെന്ന് മോദി വ്യക്തമാക്കി.