ഡൽഹി കലാപം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷ മേഖലകൾ സന്ദർശിച്ചു;സ്ഥിതി നിയന്ത്രണ വിധേയം
ന്യൂഡൽഹി: സംഘർഷം വ്യാപകമായ വടക്ക് കിഴക്കൻ ഡൽഹിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. അക്രമം പടർന്നുപിടിച്ച സീലാംപൂർ, ജാഫ്രാബാദ്, മൗജ്പൂർ, ഗോകുൽപുരി ചൗക് എന്നീ പ്രദേശിങ്ങളിൽ ചൊവ്വാഴ്ച അർധരാത്രിയോടെ അജിത് ഡോവൽ സന്ദർശനം നടത്തി സുരക്ഷാനടപടികൾ വിലയിരുത്തി.
ചൊവ്വാഴ്ച രാത്രിയോടെ ഡൽഹിയിലെത്തിയ അജിത് ഡോവൽ ഡൽഹി കമ്മീഷണർ ഓഫീസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. സ്പെഷ്യൽ കമ്മീഷണർ എസ്എൻ ശ്രീവാസ്ത, നോർത്ത് ഈസ്റ്റ് ഡിസിപി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. സംഘർഷ മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങൾ, വടക്ക് കിഴക്കൻ ഡൽഹിയിലേക്കുള്ള പോലീസ് വ്യന്യാസം, മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള മാർഗങ്ങൾ എന്നിവ യോഗത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് വിലയിരുത്തി.വടക്ക് കിഴക്കൻ ഡൽഹിയിലെ സംഘർഷത്തിന് അയവ് വന്നിട്ടുണ്ട്. സ്ഥിതിഗതികൾ പൊതുവെ നിയന്ത്രണവിധേയമാണ് സംഘർഷം പടർന്നുപിടിച്ച മേഖലകളിലെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിൽ നിന്നും പ്രതിഷേധക്കാർ ഒഴിഞ്ഞു പോയിട്ടുണ്ട്. പ്രതിഷേധം ആളിപ്പടർന്ന ജാഫർ അബാദ് മെട്രോ സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നും പ്രതിഷേധക്കാർ ഒഴിഞ്ഞുപോയി. വടക്കുകിഴക്കൻ ഡൽഹിയിലെ നാലു പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടാലുടൻ വെടിവെക്കാനുള്ള ഉത്തരവ് ഡൽഹി പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതുവരെ 13 പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. 48 പോലീസുകാരുൾപ്പെടെ 200ലേറെ പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതിൽ 70 പേർക്ക് വെടിയേറ്റാണ് പരിക്ക്. ഒട്ടേറെ പേരുടെ നില ഗുരുതരമാണ്. സംഘർഷവുമായി ബന്ധപ്പെട്ട് 20 പേർ അറസ്റ്റിലായതായി ഡൽഹി പോലീസ് അറിയിച്ചു.