Top Stories
കൊല്ലത്ത് കാണാതായ ആറുവയസ്സുകാരിയെ കുറിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വിവരമില്ല
കൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ കാണാതായ ആറുവയസ്സുകാരിയെ കുറിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വിവരമില്ല. വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകൾ ദേവനന്ദയെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറകിൽ തുണി അലക്കുകയായിരുന്ന ഇവർ കുറച്ചുസമയത്തേക്ക് മകളുടെ ശബ്ദമൊന്നും കേൾക്കാതായതോടെയാണ് വീടിന്റെ മുൻവശത്ത് എത്തിയത്. ഈ സമയം വീടിന്റെ വാതിൽ തുറന്നുകിടക്കുന്നനിലയിലുമായിരുന്നു. തുടർന്ന് വീടിനകത്തെല്ലാം പരിശോധിച്ചെങ്കിലും മകളെ കണ്ടില്ല. ഇതോടെയാണ് ധന്യ ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിച്ചത്.
കുട്ടി പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ അഗ്‌നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും സമീപത്തെ പുഴയില്‍ മണിക്കൂറുകളായി തിരച്ചില്‍ നടത്തിയിട്ടും ഒരു സൂചനയും ലഭിച്ചിട്ടില്ല.
ഇതിനിടെ, പോലീസ് ഡോഗ് സ്ക്വാഡിനെയും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. പ്രദീപിന്റെ വീട്ടിൽനിന്ന് മണംപിടിച്ച പോലീസ് നായ പുഴയുടെ കുറുകെയുള്ള ബണ്ട് കടന്ന് വള്ളക്കടവ് വരെ ഓടി തിരിച്ചുമടങ്ങി. ഈ ഭാഗത്തും പോലീസ് വിശദമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അതേസമയം കുട്ടിയെ കാണാതായ സംഭവത്തിൽ ബാലവകാശ കമ്മിഷൻ കേസെടുത്തു. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, കൊല്ലം ജില്ലാ കളക്ടർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽനിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.