Top Stories
ഡൽഹി കലാപം: ആംആദ്മി പ്രാദേശിക നേതാവ് താഹിർ ഹുസൈനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു
ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി പ്രാദേശിക നേതാവ് താഹിർ ഹുസൈനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു. ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. ഇതേ തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കി.
ഐ ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മരണത്തിന് പിന്നിൽ താഹിർ ഹുസൈനാണെന്ന് അങ്കിതിന്റെ സഹോദരൻ ആരോപിച്ചിരുന്നു. കലാപകാരികൾക്ക് താഹിറിന്റെ വീട്ടിൽ അഭയം നൽകിയെന്നും അവർ കല്ലുകളും പെട്രോൾ ബോംബുകളും പ്രയോഗിച്ചുവെന്നുമാണ് അങ്കിതിന്റെ സഹോദരൻ ആരോപിച്ചത്. തുടർന്ന് താഹിറിന്റെ വീട്ടിൽ നിന്ന് പെട്രോൾ ബോംബുകൾ ഉൾപ്പടെയുള്ളവ കണ്ടെടുത്തിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിൽ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറി വ്യാഴാഴ്ച പോലീസ് സീൽ ചെയ്തു.
കലാപം നടക്കുന്ന സമയത്ത് ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ 59-ാം വാർഡായ നെഹ്റു വിഹാറിലെ കൗൺസിലറായ താഹിർ ഹുസൈൻ കലാപകാരികൾക്ക് ഒപ്പമായിരുന്നുവെന്നാണ് ആരോപണം. താഹിർ ഹുസൈന്റെ വീട്ടിൽ ആയുധങ്ങളും മറ്റും സംഭരിച്ചിരുന്നുവെന്നും ഇവിടെ കലാപകാരികൾ സംഘടിക്കുകയും മറ്റ് വീടുകളിലേക്ക് പെട്രോൾ ബോംബുകളും കല്ലുകളും മറ്റും വലിച്ചെറിഞ്ഞെന്നും ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. താഹിർ ഹുസൈന്റെ വീടിന് മുകളിൽ നിന്ന് കലാപകാരികൾ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്.