Top Stories
ഡൽഹി കലാപം:മരണം 34,അക്രമത്തിനിടെ സ്കൂളിൽ പോയ 13 കാരിയെ കാണാനില്ലെന്ന് പരാതി
ന്യൂഡൽഹി: ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളിൽ പരിക്കേറ്റ് ആശുപത്രികളിൽ കഴിഞ്ഞിരുന്ന ഏഴ് പേർ കൂടി ഇന്ന് മരിച്ചു. ഗുരു തേജ് ബഹാദൂർ ആശുപത്രിയിലാണ് 30 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എൽ.എൻ.ജെ.പി. ആശുപത്രിയിൽ രണ്ടും ജഗ്പർവേശ് ചന്ദ്ര ആശുപത്രിയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം വടക്ക് കിഴക്കൻ ഡൽഹി പൊതുവെ ശാന്തമായി വരികയാണ്. പുതിയ അക്രമ സംഭവങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. മെട്രോ സ്റ്റേഷനുകളെല്ലാം തുറന്നു പ്രവർത്തിക്കുന്നുണ്ട്. റോഡുകളിലൂടെ വാഹനങ്ങൾ ഓടുന്നുണ്ട്. സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ തെരുവുകളെല്ലാം.
ഡൽഹി കലാപത്തിൽ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. ‘ഡൽഹിയിലെ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ അക്രമസഭവങ്ങളിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളിൽ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണം’ എന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ വാക്താവ് അറിയിച്ചു.
അതിനിടെ ദില്ലിയിൽ നടന്ന അക്രമത്തിനിടെ പരീക്ഷ എഴുതാൻ സ്കൂളിൽ പോയ പതിമൂന്നുകാരിയെ കാണാനില്ലെന്ന് പരാതി. രണ്ട് ദിവസം മുമ്പ് ഖജുരി ഖാസ് പ്രദേശത്ത് നിന്നാണ് പെൺകുട്ടിയെ കാണാതായതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് 4.5 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ പോയ കുട്ടി തിരികെ എത്തിയില്ല.
തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം ദില്ലിയിലെ സോണിയ വിഹാറിലാണ് താസിക്കുന്നത്.