Top Stories
സി.ബി.എസ്.ഇ യെ വിമർശിച്ച് ഹൈക്കോടതി; തോന്നിയ പോലെ നാടു മുഴുവൻ സ്കൂളുകൾ അനുവദിച്ചിട്ട് പിന്നെ ഒരു അന്വേഷണവും നടത്തുന്നില്ല
കൊച്ചി: സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ 34 വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിക്കാത്ത സംഭവത്തിൽ സി.ബി.എസ്.ഇയെ വിമർശിച്ച് ഹൈക്കോടതി. തോന്നിയ പോലെ നാടു മുഴുവൻ സ്കൂളുകൾ അനുവദിച്ചിട്ട് പിന്നെ ഒരു അന്വേഷണവും സിബിഎസ്ഇ നടത്തുന്നില്ലെന്ന് കോടതി വിമർശിച്ചു. കുട്ടികളെ പത്താം ക്ലാസ് പരീക്ഷ എഴുതിക്കണമെന്ന് ആവശ്യപ്പെട്ട് തോപ്പുംപടി അരൂജ സ്കൂൾ മാനേജ്മെന്റ് നൽകിയ ഹർജി പരിഗണിക്കവേയാണ് സിബിഎസ്ഇക്കെതിരേ കോടതി വിമർശനമുന്നയിച്ചത്.
അംഗീകാരമില്ലാത്ത സ്കൂളുകൾക്കെതിരേ നടപടിയെടുക്കാത്തതിന് സിബിഎസ്ഇയെ വിമർശിച്ച കോടതി സിബിഎസ്ഇ കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്നും ആവശ്യപ്പെട്ടു.സിബിഎസ്ഇയുടെ
മൗനം ലാഭക്കൊതിയന്മാർ മുതലാക്കുകയാണ്. കുട്ടികളെ ചൂഷണം ചെയ്യാൻ ഇത്തരം സ്കൂളുകളെ നിങ്ങൾ അനുവദിക്കുകയാണോയെന്നും കോടതി സി ബി എസ് ഇ യോട് ചോദിച്ചു.
സിബിഎസ്ഇ ഇനിയും ഒളിച്ചു കളിക്കാൻ നോക്കിയാൽ വെറുതേ വിടില്ലെന്നും കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും സിബിഎസ്ഇയ്ക്ക് ഹൈക്കോടതി നിർദേശം നൽകി. വിദ്യാർഥികളുടെ ഭാവിവെച്ച് കളിക്കേണ്ടെന്നും സിബിഎസ്ഇയ്ക്ക് കോടതി മുന്നറിയിപ്പ് നൽകി. സിബിഎസ്ഇ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും ബോർഡിന് നൽകുന്ന അവസാന താക്കീതാണിതെന്നും കോടതി ഓർമപ്പെടുത്തി.
മുൻ വർഷങ്ങളിൽ കുട്ടികളെ മറ്റ് സ്കൂളുകളിൽ പരീക്ഷ എഴുതിപ്പിച്ച സ്കൂളുകളുടെ പട്ടിക ഹാജരാക്കാൻ ഹർജിക്കാരോടും കോടതി നിർദേശിച്ചു. പ്രശ്നപരിഹാരത്തിനായി വിദ്യാർഥികളുടെ ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.