Top Stories
കൊല്ലത്ത് കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കൊട്ടിയം: കൊല്ലം ഇളവൂരിൽ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ മുങ്ങൽ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയിൽ ആറ്റിൽ കണ്ടെത്തിയത്.
നെടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്.
വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് ദേവനന്ദയെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മയും നാല് മാസം പ്രായമുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറകിൽ തുണി അലക്കുകയായിരുന്ന ഇവർ കുറച്ചുസമയത്തേക്ക് മകളുടെ ശബ്ദമൊന്നും കേൾക്കാതായതോടെയാണ് വീടിന്റെ മുൻവശത്ത് എത്തിയത്. ഈ സമയം വീടിന്റെ വാതിൽ തുറന്നുകിടക്കുന്നനിലയിലുമായിരുന്നു. തുടർന്ന് വീടിനകത്തെല്ലാം പരിശോധിച്ചെങ്കിലും മകളെ കണ്ടില്ല. ഇതോടെയാണ് ധന്യ ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിച്ചത്.
തുടർന്ന് വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കണ്ണനല്ലൂർ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് ഉടൻ സ്ഥലത്തെത്തി വ്യാപകമായ അന്വേഷണമാരംഭിച്ച് വരികയായിരുന്നു. തുടർന്നാണ് പ്രതീക്ഷകളെല്ലാം തകർത്തുകൊണ്ട് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്.