Top Stories

ദേവനന്ദ ഒറ്റയ്ക്ക് ആറിന്റെ അടുത്ത് വരില്ല;മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ

കൊല്ലം : കൊല്ലം ഇളവൂരിൽ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. ഇന്നലെ രാവിലെ 10 മണിയോടുകൂടി കാണാതായ ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 7.30 ഓടെയാണ്  ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തിയത്.

കുട്ടിയെ കാണാതായ സമയം മുതൽ ഇന്ന് പുലര്‍ച്ചെ മൂന്ന്
മണി വരെ എല്ലായിടത്തും പരിശോധന നടത്തിയതാണ് എന്നാല്‍ ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തണമെങ്കില്‍ അതില്‍ ദുരൂഹത സംശയിക്കുന്നു എന്ന് നാട്ടുകാർ പറയുന്നു. ഇത്തിക്കര ആറുൾപ്പെടെയുള്ള എല്ലാസ്ഥലങ്ങളും പോലീസും മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് അരിച്ചു പറക്കിയതാണ്. എന്നിട്ടും കുട്ടിയുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇത്തിക്കരയാറ്റിൽ അടിയൊഴുക്കോ കാര്യമായ ചെളിയോ ഒന്നും ഉള്ളതല്ല. ഒരു കുട്ടിയുടെ മൃതദേഹം ആറിന്റെ ഏത് ഭാഗത്ത് കിടന്നാലും കാണാൻ കഴിയും. നിരന്തരമായി നാട്ടുകാരുടെ സാമീപ്യമുള്ള സ്ഥലമാണ് ഇത്തിക്കരയാറിന്റെ പരിസര പ്രദേശങ്ങൾ. മാത്രമല്ല ദേവനന്ദയും  കുടുംബവും പുഴയുടെ അടുത്ത് വരാറില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. വീട്ടിൽ നിന്നും 100 മീറ്ററിൽ അധികം അകലെയുള്ള ഇത്തിക്കരയാറിലേക്ക് ആളുകളുടെ കണ്ണിൽപ്പെടാതെ കുട്ടിക്ക് വരാൻ കഴിയില്ലെന്നും നാട്ടുകാർ പറയുന്നു. മാത്രമല്ല ഒറ്റയ്ക്ക് വീട്ടിൽ നിന്നും പോകുന്ന ശീലമുള്ള കുട്ടിയായിരുന്നില്ല ദേവനന്ദ എന്നും നാട്ടുകാർ പറയുന്നു.

പുലർച്ചെ മൂന്നു മണിവരെ പുഴയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ മുങ്ങൽ വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം തിരച്ചിൽ നടത്തിയിരുന്നു. അപ്പോഴൊന്നും കണ്ടെത്താത്ത മൃതദേഹം രാവിലെ 3  മണിക്ക് ശേഷം പുഴയിൽ വന്നതാകാമെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.

വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയിൽ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുൻഭാഗത്തുള്ള ഹാളിൽ ഇരിക്കുകയായിരുന്നു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുൻഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കണ്ണനല്ലൂർ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് ഉടൻ സ്ഥലത്തെത്തി വ്യാപകമായ അന്വേഷണമാരംഭിച്ച് വരികയായിരുന്നു. ദേവാനന്ദയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button