Top Stories
ഡൽഹി ശാന്തമാകുന്നു;സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡൽഹി : ഡൽഹി ശാന്തമാകുന്നു. വടക്ക് കിഴക്കൻ ഡൽഹിയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. കേന്ദ്ര സേനയെ വിന്യസിച്ച ശേഷം അനിഷ്ട സംഭവങ്ങളെവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. റോഡ് ഗതാഗതം സാധാരണ നിലയിലായി വരുന്നു. മെട്രോ സ്റ്റേഷനുകൾ എല്ലാം തുറന്നു പ്രവർത്തിക്കുന്നുണ്ട്.
മത നേതാക്കളുടെ നേതൃത്വത്തിൽ സമാധാനയോഗങ്ങൾ വിളിക്കാൻ സർക്കാർ നിർദ്ദേശം നൽകി. ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി വിവിധ മത നേതാക്കളുമായി ചർച്ച നടത്തുമെന്ന് ദില്ലി പൊലീസും വ്യക്തമാക്കി.
അതേസമയം കലാപത്തിൽ മരിച്ചവരുടെ എണ്ണം മുപ്പത്തെട്ടായി. പരിക്കേറ്റ ഇരുനൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അക്രമങ്ങളിൽ 130-ലേറെപ്പേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും 48 എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് ഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള രണ്ടു പ്രത്യേകാന്വേഷണ സംഘങ്ങളുണ്ടാക്കാൻ ഡൽഹി പോലീസ് തീരുമാനിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് പത്തുലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപവീതവും ആശ്വാസധനം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു.