Top Stories
ദേവനന്ദയുടേത് മുങ്ങി മരണം തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്;മൃതദേഹം വീട്ടിലെത്തിച്ചു
തിരുവനന്തപുരം: കൊല്ലം ഇത്തിക്കര ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടേത് മുങ്ങി മരണം തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ കുട്ടിയെ കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതായാണ് കണ്ടെത്തൽ. മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.
ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനായില്ല. വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും ഉണ്ട്. ഇത് മുങ്ങിമരണത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അതിനാൽ കുട്ടിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം.
ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്ക് ശേഷമേ അന്തിമ നിഗമനത്തിലേക്ക് പോകൂ.
ഇന്‍ക്വസ്റ്റ് നടപടികളിലും കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് വ്യക്തമായിരുന്നു. മുതിര്‍ന്ന ഫോറന്‍സിക് സര്ജന്മാര് ഉള്‍പ്പെടുന്ന ഒരു സംഘമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയത്. കുട്ടിയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്.
വീട്ടിൽ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ മുങ്ങൽ വിദഗ്ധരാണ് ഇന്ന് രാവിലെ ദേവനന്ദയുടെ മൃതദേഹം ആറ്റിൽ നിന്ന് കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്.
പക്ഷേ ഇപ്പോഴും ഒരു ചോദ്യം ബാക്കിയാണ്, കുട്ടി എന്തിനാണ് ആറിന്റെ അടുക്കലേക്ക് വന്നത്. അതും ആറിന്റെ തീരത്ത് പോയി ശീലമില്ലാത്ത, അമ്മയുടെ അനുവാദമില്ലാതെ പുറത്തിറങ്ങാത്ത ദേവനന്ദയെപ്പോലെ ഒരു കുട്ടി.
അതേസമയം ദേവനന്ദയുടെ ചേതനയറ്റ ശരീരം വീട്ടിൽ എത്തിച്ചു. നൂറുകണക്കിനാളുകളാണ് ദേവനന്ദയെ അവസാനമായി കാണാനും അന്ത്യഞ്ജലി അർപ്പിക്കാനും വീട്ടിലെത്തിയത്. വീട്ടിലെ പൊതുദർശനത്തിനു ശേഷം ഇപ്പോൾ ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ദേവനന്ദ.