Top Stories

ഭവനരഹിതർക്കായി 2 ലക്ഷം വീടുകൾ പൂർത്തിയാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം ഭവന രഹിതർക്കായി രണ്ട് ലക്ഷം വീടുകൾ സംസ്ഥാനത്ത് നിർമാണം പൂർത്തിയാക്കി. ഇതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തും. 2,14,000 ത്തിലേറെ വീടുകളാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്.  ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന തിരുവനന്തപുരം ജില്ലാതല കുടുംബസംഗമത്തില്‍ 35,000ത്തിലധികം പേര്‍ പങ്കെടുക്കും.

ലൈഫ് പദ്ധതി പ്രകാരം നിർമിച്ച കരകുളം പഞ്ചായത്തിലെ തറട്ടയിലെ കാവുവിള ചന്ദ്രന്‍റെ ഗൃഹപ്രവേശനചടങ്ങിൽ രാവിലെ മുഖ്യമന്ത്രി പങ്കെടുത്തു. പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം വീടുകൾ നിർമിച്ച് നൽകിയത്– 32,388 എണ്ണം. പാലക്കാട്–24,898, കൊല്ലം–18,470 ജില്ലകൾ തൊട്ടുപിന്നിലുണ്ട്. പത്തനംതിട്ട 5,594, ആലപ്പുഴ 15,880, കോട്ടയം 7,983, ഇടുക്കി 13,531, എറണാകുളം 14,901, തൃശൂർ 15,604, മലപ്പുറം 17,994, കോഴിക്കോട് 16,381, വയനാട് 13,596, കണ്ണൂർ 9,236, കാസർകോട് 7,688 എന്നിങ്ങനെയും പൂർത്തിയാക്കി. 2,14,000 ത്തിലേറെ വീടുകളാണ് പൂര്‍ത്തീകരിച്ചത്.

ലൈഫ് പദ്ധതിയില്‍ വിവിധ തദ്ദേശസ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുത്തരിക്കണ്ടത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും.

വ്യക്തമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. മാനദണ്ഡപ്രകാരം ലിസ്റ്റില്‍ വരാത്തവരും എന്നാല്‍ വീടില്ലാത്തവരുമായ കുടുംബങ്ങളെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയ വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നു.  ഭവനമില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് നല്‍കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button