Month: February 2020
- News
കരുണ സംഗീത നിശ വിവാദം:പൊലീസ് അന്വേഷണം തുടങ്ങി
കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജി ജോർജിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് നടന്നു എന്ന് വ്യക്തമായാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരും. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാർത്ഥം എന്നു പരസ്യം ചെയ്തായിരുന്നു കരുണ സംഗീതനിശ നടത്തിയത്. എന്നാൽ പരിപാടി നടന്നു മൂന്ന് മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടക്കാത്ത പണം വിവാദമുണ്ടായപ്പോൾ മാത്രമാണ് അടച്ചത്. തുടർന്ന് പരിപാടിയുടെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ ജില്ലാ കളക്‌ടർ എസ്.സുഹാസിന് പരാതി നൽകിയിരുന്നു. കളക്ടർ ഇത് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്‌ക്ക് കൈമാറി. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഏൽപ്പിച്ചത്. പ്രളയ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാൻ എന്ന കാരണം കൊണ്ട് മാത്രമാണ് റീജിയണൽ സ്പോർട്സ് സെന്റർ സ്റ്റേഡിയം സൗജന്യമായി വിട്ടു നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയോ എന്ന് ചോദിച്ച് ജനുവരി മൂന്നിന് മ്യൂസിക് ഫൗണ്ടേഷന് കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് റീജിയണൽ സ്പോർട്സ് സെന്റർ സെക്രട്ടറി വ്യക്തമാക്കി. തന്റെ പേര് അനുമതിയില്ലാതെ പരിപാടിയുടെ രക്ഷാധികാരി എന്ന നിലയിൽ ഉപയോഗിച്ചതിനെതിരെ ജില്ലാ കളക്‌ടർ മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹി ബിജിബാലിന് നോട്ടീസ് അയച്ചിരുന്നു. ഇനി ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ, വിശദീകരണക്കുറിപ്പ് തയ്യാറാക്കിയപ്പോൾ ക്‌ളറിക്കൽ പിഴവ് സംഭവിച്ചതാണെന്നായിരുന്നു ബിജിബാലിന്റെ വിശദീകരണം. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് കേസ് കൊടുക്കാമെന്നും നിയമപരമായി ആവശ്യപ്പെടുമ്പോൾ മാത്രമേ കണക്ക് നൽകാനാകൂയെന്നും ബിജിപാൽ വ്യക്തമാക്കി.
Read More » - News
അനധികൃത സ്വത്ത് സമ്പാദനം:മുൻമന്ത്രി വി.എസ് ശിവകുമാറിനെതിരെ കേസെടുത്തു
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻമന്ത്രി വി.എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. പ്രത്യേക വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.പ്രാഥമിക തെളിവ് ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് എഫ്ഐആർ തയ്യാറാക്കിയിട്ടുള്ളത്. ശിവകുമാർ ഉൾപ്പെടെ നാല് പ്രതികളാണ് കേസിൽ ഉള്ളത്. എം. രാജേന്ദ്രൻ, താത്കാലിക പേഴ്സണൽ സ്റ്റാഫ് അംഗം ഷൈജു ഹരൻ, അഡ്വ. എം.എസ് ഹരികുമാർ എന്നിവരാണ് മറ്റു പ്രതികൾ. എം രാജേന്ദ്രനെ ബിനാമിയാക്കി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. മറ്റുപ്രതികൾ സ്വത്ത് സമ്പാദനത്തിന് സഹായം നൽകി. തിരുവനന്തപുരത്തടക്കം സ്വത്ത് വാങ്ങിക്കൂട്ടിയെന്ന ആരോപണം വിശദമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ശിവകുമാർ അടക്കമുള്ളവരെ ചോദ്യം ചെയ്യും.
Read More » - News
സംഗീതനിശയുടെ പേരിൽ തട്ടിപ്പ്:സന്ദീപ് വാര്യരുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ സംഘടിപ്പിച്ച കരുണ സംഗീത നിശയുടെ പേരിൽ സംഘാടകർ തട്ടിപ്പ് നടത്തിയെന്ന യുവമോർച്ചാ നേതാവ് സന്ദീപ് വാര്യരുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ബിജി ജോർജിനാണ് അന്വേഷണ ചുമതല. നിലവിൽ പ്രാഥമിക അന്വേഷണമാണ് നടത്തുക. തട്ടിപ്പ് നടന്നുവെന്ന് തെളിഞ്ഞാൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും.
Read More » - News
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ ആറ് പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്യ്തു
കൊച്ചി: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ ആറ് പേരെ കൂടി സി. ബി.ഐ അറസ്റ്റ് ചെയ്യ്തു. അഞ്ചുപോലീസുകാരെയും ഒരു ഹോം ഗാർഡിനെയുമാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. എ.എസ്.ഐമാരായ സി.ബി. റെജിമോൻ, റോയ് പി. വർഗീസ് സിവിൽ പോലീസ് ഓഫീസറൻമാരായ എസ്. നിയാസ്, സജിമോൻ ആന്റണി, ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം. ജെയിംസ്, എന്നിവരാണ് അറസ്റ്റിലായത്. സി ബി ഐ യുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ആറ് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് കേസിലെ മുഖ്യപ്രതി എസ്.ഐ. സാബുവിനെ തിങ്കളാഴ്ച സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഉന്നതോദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിൽ സാബു വ്യക്തമാക്കിയിരുന്നു. കൂടുതൽ വിവരങ്ങൾക്കായി ഇവരെ എറണാകുളം സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് സി.ബി.ഐ.നീക്കം.
Read More » കുഞ്ഞിനെ തലക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കണ്ണൂർ : കണ്ണൂർ തയ്യിലെ ഒന്നര വയസുള്ള പിഞ്ചു കുഞ്ഞിനെ തലക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയെ തലക്കടിച്ചു കൊന്നതിനു ശേഷം കടൽ ഭിത്തിയിൽ തള്ളി. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. പിതാവാണ് കുഞ്ഞിനെ കൊന്നതെന്ന് മാതാവും മാതാവാണ് കൊന്നതെന്ന് പിതാവും പരസ്പരം ആരോപിക്കുകയാണ്. കുഞ്ഞിനെ അച്ഛനായ പ്രണവ് കൊന്നതാണെന്ന് ബന്ധു ഇന്നലെ ആരോപിച്ചിരുന്നു.
Read More »ദുബായിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് മലപ്പുറം സ്വദേശി മരിച്ചു
ദുബായ്: ദുബായിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് യുവ എഞ്ചിനീയർ മരിച്ചു. മലപ്പുറം തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാൻ (25)ആണ് മരിച്ചത്. ഒന്നര വർഷമായി ദുബായിൽ പ്ലാനിങ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സിലിക്കോൺ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു. അവിവാഹിതനാണ്. സുബൈദയാണ് മാതാവ്. ഫാസില ഷെറിൻ, ജംഷീന, ഗയാസ് എന്നിവർ സഹോദരങ്ങളാണ്. ദുബായ് ഹെഡ് ക്വാട്ടേഴ്സ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
Read More »- News
സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് കനത്ത ചൂട്
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് ചൂട് കൂടും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനിലയില്‍ വര്‍ദ്ധനയ്ക്ക് സാധ്യതയുള്ളത്. താപനില 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പകൽസമയത്ത് മദ്യം പോലെയുള്ള ലഹരിപാനീയങ്ങൾ ഒഴിവാക്കണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
Read More »