Top Stories
ലോകം മുഴുവൻ പടർന്ന്പിടിച്ച് കൊറോണ;അമേരിക്കയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യ്തു
വാഷിങ്ങ്ടൺ : കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്യ്തു. 50 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷനാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. മരണത്തെ തുടർന്ന് വാഷിങ്ങ്ടണിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അമേരിക്കയിൽ 22 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും പ്രതിരോധനടപടികൾ പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രസിഡന്റ് ഡെണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക, മെക്സികോ അതിർത്തികൾ അടക്കുന്നത് പരിഗണനയിലാണെന്നും ട്രംപ് പറഞ്ഞു.
63 രാജ്യങ്ങളിലായി 86980 പേരിലാണ് കൊറോണ സാന്നിധ്യം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2979 പേർ കൊറോണ ബാധയാൽ മരിച്ചിട്ടുണ്ട്. ഇതിൽ 2870 മരണവും ചൈനയിലാണ് ഉണ്ടായിട്ടുള്ളത്. 79,824 പേർക്കാണ് ചൈനയിൽ ഇതുവരെ കൊറോണ സ്ഥിതീകരിച്ചത്.
ഇറാനിലും ഇറ്റലിയിലും ദക്ഷിണ കൊറിയയിലും സ്ഥിതി ആശങ്കാജനകമാണ്. ദക്ഷിണ കൊറിയയിൽ 3526 പേർക്ക് കൊറോണ സ്ഥിതീകരിച്ചു. ഇതുവരെ 17 പേർ മരിച്ചു. ഇറ്റലിയിൽ 1128 പേർ രോഗ ബാധിതരാണ്. 29 പേർ ഇതുവരെ മരണപ്പെട്ടു. 593 പേർ നിലവിൽ കൊറോണ സ്ഥിതീകരിച്ച ഇറാനിൽ 43 പേർ മരിച്ചു. ജപ്പാനിൽ 6 മരണവും ഹോങ്കോങ്ങിൽ 2 മരണവും ഡയമണ്ട് പ്രിൻസസ് കപ്പലിൽ 6 മരണവും റിപ്പോർട്ട് ചെയ്യ്തു.
യു എ ഇ യിൽ 19 പേർക്കും ഒമാനിൽ 6 പേർക്കും ബഹറിനിൽ 41 പേർക്കും കുവൈറ്റിൽ 45 പേർക്കും കൊറോണ സ്ഥിതീകരിച്ചിട്ടുണ്ട്.