News
വ്യാജ ആധാരം ചമച്ച് സഹോദരി മാരുടെ സ്ഥലം തട്ടിയെടുത്തു; സഹോദരനടക്കം മൂന്നു പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വ്യാജ ആധാരം ചമച്ച് സഹോദരങ്ങളുടെ പേരിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം തട്ടിയെടുത്ത കേസില്‍ സഹോദരനടക്കം മൂന്നു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ പൊന്നമ്പലം സ്റ്റീല്‍സ് ഉടമയായ ബൈജു വസന്ത്, വ്യാജ ആധാരം തയ്യാറാക്കിയ എഴുത്തോഫീസ് നടത്തിപ്പുകാരായ പാടശ്ശേരി ചന്ദ്രകുമാര്‍, എസ് ശ്രീകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
ബൈജുവിന്‍റെ സഹോദരിയുടെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. സഹോദരങ്ങളുടെ പേരിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലയുള്ള കെട്ടിടം അടങ്ങുന്ന വസ്തു പ്രതികള്‍ വ്യാജ ആധാരം ചമച്ച് ബൈജുവിന്‍റെ മകളുടെ പേരിലേക്ക് മാറ്റുകയായിരുന്നു. ബൈജുവിനും സഹോദരിമാരായ ബിനു വസന്ത്, ബിന്ദു വസന്ത് എന്നിവര്‍ക്ക് കുടുംബപരമായി ലഭിച്ച സ്വത്താണിത്. ബിന്ദു വസന്ത് വര്‍ഷങ്ങളായി വിദേശത്തായതിനാല്‍ വസ്തുവിന്‍റെയോ കെട്ടിടത്തിന്‍റെയോ കാര്യങ്ങള്‍ നോക്കിയിരുന്നില്ല. 2014ല്‍ പിതാവിന്‍റെ മരണത്തോടെ മൂത്ത മകനെന്ന നിലയില്‍ രേഖകള്‍ കൈവശപ്പെടുത്തിയ ബിജു വില്ലേജ്, കോര്‍പ്പറേഷന്‍ രേഖകളില്‍ അവകാശം സ്വന്തം പേരിലേക്ക് മാറ്റി. പിന്നീട് വസ്തുവിന്‍റെ യഥാര്‍ത്ഥ ആധാരങ്ങള്‍ ഒളിപ്പിച്ച് വെച്ച് ഇവ നഷ്ടമായതായി വ്യാജ പത്രപരസ്യം നല്‍കി. പുതിയ വ്യാജ ആധാരം ഉണ്ടാക്കിയ ശേഷം ഇവ ബൈജുവിന്റെ മകളുടെ പേരിലേക്ക് മാറ്റുകയായിരുന്നു.
ഇതിന് മുമ്പും ഇവര്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഫോര്‍ട്ട് പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.