News
പാലാരിവട്ടം പാലം പോളിക്കുംമുൻപ് ഭാരപരിശോധന നടത്തണം, ഹൈക്കോടതി.
കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുന്നതിൽ സർക്കാരിന് കോടതിയിൽനിന്നും തിരിച്ചടി. മൂന്നുമാസത്തിനകം പാലത്തിൽ ഭാരപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.പാലം അതിഗുരുതര അവസ്ഥയിലാണ് എത്രയും വേഗം പൊളിച്ചു പണിയണം, പാലത്തിൽ വിള്ളൽ ഉള്ള കാരണം ഭാര പരിശോധന നടത്താൻ കഴിയില്ല എന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.
പാലാരിവട്ടം പാലം നിർമിച്ച ആർ.ഡി.എസ് കമ്പനി ഭാരപരിശോധനയുടെ ചെലവ് മുഴുവൻ വഹിക്കണമെന്നും പരിശോധന നടത്താൻ ഏത് കമ്പനി വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്ത് അഞ്ച് ഹർജികളാണ് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നത്. ഈ ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം.
ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചു പണിയാൻ സർക്കാർ തീരുമാനിച്ചത്. ഇതിനെ തുടർന്ന് ഊരാളുങ്കൽ സൊസൈറ്റി സബ്‌കോൺട്രാക്ടിൽ പാലം പൊളിച്ചുപണിയാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.