Top Stories
വെടിയുണ്ടകൾ കാണാതായ സംഭവം:ക്രൈംബ്രാഞ്ച് സംഘം ഇന്ന് വെടിയുണ്ടകളുടെ കണക്കെടുക്കും
തിരുവനന്തപുരം : എസ് എ പി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ, നിലവിലുള്ള വെടിയുണ്ടകളുടെ എണ്ണമറിയാൻ ക്രൈംബ്രാഞ്ച് സംഘം ഇന്ന് കണക്കെടുക്കും. ഇതിനു മുന്നോടിയായി ചീഫ് സ്റ്റോറിൽനിന്ന് വെടിയുണ്ടകളുടെ സ്റ്റോക്ക് രജിസ്റ്റർ അന്വേഷണസംഘം ശേഖരിച്ചു.
സി.എ.ജി. റിപ്പോർട്ടിലും പോലീസിന്റെ ആഭ്യന്തര കണക്കെടുപ്പിലും വെടിയുണ്ടകളുടെ എണ്ണത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായതിനെ തുടർന്നാണ് വിശദമായി പരിശോധിക്കാൻ ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരി നിർദേശംനൽകിയത്. രണ്ടുലക്ഷത്തോളം വെടിയുണ്ടകൾ പരിശോധിക്കും. വ്യാജ കാട്രിഡ്ജുകൾ കൂടുതലായി ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. പരിശോധനയ്ക്കായി
വെടിയുണ്ടകൾ ഹാജരാക്കാൻ എസ്.എ.പി. ക്യാമ്പ് അധികൃതരോട് നിർദേശിച്ചിട്ടുണ്ട്.
12,061 വെടിയുണ്ടകൾ കാണാതായെന്ന സി.എ.ജി. റിപ്പോർട്ട് വിവാദമായതിനെത്തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. തുടർന്ന് ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള സംഘം എസ്.എ.പി. ക്യാമ്പിൽ നടത്തിയ പരിശോധനയിൽ വ്യാജ കാട്രിഡ്ജും വെടിയുണ്ടകളുടെ ഒഴിഞ്ഞ കവർ ഉരുക്കി നിർമിച്ച എസ്.എ.പി.യുടെ ലോഗോയും കണ്ടെത്തി.
തുടർന്ന് 11 പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതികളിലൊരാളായ ആംഡ് പോലീസ് എസ്.ഐ.യെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്യ്തിരുന്നു. 2014 കാലഘട്ടത്തിൽ പേരൂർക്കട എസ്.എ.പി. ക്യാമ്പിലുണ്ടായിരുന്ന ആംഡ് പോലീസ് ഇൻസ്പെക്ടർമാരെയും അസിസ്റ്റന്റ് കമാൻഡന്റുമാരെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. കാണാതായ ഉണ്ടകൾ തീവ്രവാദികൾക്കോ മാവോയിസ്റ്റുകൾക്കോ മറ്റ് രാജ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കോ ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും ക്രൈംബ്രാഞ്ച് പരിശോധിക്കും.