Top Stories
സി.എ.ജിയ്ക്ക് തെറ്റി;3636 വെടിയുണ്ടകൾ മാത്രമേ കാണാതായിട്ടുള്ളൂ: ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സി.എ.ജി റിപ്പോർട്ടിലെ കണക്കുകൾ തള്ളി ക്രൈം ബ്രാഞ്ച് . 12,061 വെടിയുണ്ടകൾ കാണാതായെന്നാണ് സിഎജിയുടെ കണ്ടെത്തൽ. എന്നാൽ 3636 വെടിയുണ്ടകൾ മാത്രമേ കാണാതായിട്ടുള്ളൂവെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.
വെടിയുണ്ടകൾ നഷ്ടപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് എസ്എപി ക്യാമ്പിൽ നടത്തിയ പരിശോധനക്കു ശേഷമാണ് സിഎജിയുടെ കണ്ടെത്തലിനെ ക്രൈംബ്രാഞ്ച് തളളിയത്. ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് എസ് എ പി ക്യാമ്പിൽ പരിശോധന നടത്തിയത്. മറ്റ് ബാറ്റാലിയനുകളിലേക്ക് വെടിയുണ്ടകൾ നൽകിയതായി രേഖകളുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
വെടിയുണ്ട കാണാതായ സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതുസംബന്ധിച്ച്
ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം നല്ലനിലയിലാണ് മുന്നോട്ട് പോകുന്നത്. കാണാതായ
തിരകൾക്ക് പകരം തിരവെച്ച പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായും കുറ്റാരോപിതരായ 11 പേർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.