Top Stories

വെടിയുണ്ടകൾ കാണാതായതും വ്യാജ പുറംചട്ട വെച്ചതും യുഡിഎഫ് സർക്കാരിന്‍റെ കാലത്ത്:മുഖ്യമന്ത്രി

തിരുവനന്തപുരം: തോക്കുകളും തിരകളും കാണാതായെന്ന സിഎജി കണ്ടെത്തൽ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രൈംബ്രാഞ്ച് നടത്തിയ
അന്വേഷണത്തിൽ തോക്കുകൾ കാണാതായിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.
തിരകൾ കാണാതായ സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയാണ്. കണ്ടെത്തൽ ഗൗരവമെന്ന് കണ്ട് തന്നെയാണ് അന്വേഷണത്തിന് തയ്യാറായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.

സിഎജി റിപ്പോർട്ട് വരുന്നതിന് മുൻപ് തന്നെ തിരകൾ കാണാതായതായി കണ്ടെത്തിയിട്ടുണ്ട്. 2015ൽ യുഡിഎഫ് കാലത്താണ് തിര കാണാതായത്. ഈ കണ്ടെത്തൽ യു ഡി എഫ് ഗവൺമെന്റ്  മൂടിവെക്കാൻ ശ്രമിച്ചു. വ്യാജ വെടിയുണ്ടയുടെ പുറംചട്ട വെച്ചത് യു ഡി എഫ് സർക്കാരിന്‍റെ കാലത്ത് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്.  ഈ ഉദ്യോഗസ്ഥനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  ആ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തിട്ടുണ്ട്. മന്ത്രിയുടെ ഗൺമാനെതിരെ അന്വേഷണം നടക്കുന്നുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.

സിഎജി റിപ്പോർട്ട് ചോർന്നത് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് നിയമസഭയുടെ ഭാഗമാക്കിയ രേഖയാണ്. സിഎജി റിപ്പോർട്ട് ചോർന്നുവെന്നത് വസ്തുത തന്നെയാണ്.സിഎജി റിപ്പോർട്ട് സമർപ്പിക്കേണ്ടത് നിയമസഭയിലാണ്. ചോർന്നത് ആരോഗ്യകരമായ കീഴ്വഴക്കമല്ലന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button