കോടതി ഉത്തരവിട്ടു;അരൂജാസ് ലിറ്റില്‍ സ്റ്റാർസ് സ്കൂളിലെ 28 വിദ്യാർത്ഥികള്‍ ഇന്ന് മുതല്‍ പത്താംക്ലാസ് പരീക്ഷയെഴുതും
കൊച്ചി : സ്കൂളിന് അംഗീകാരം ഇല്ലാത്തതു കാരണം വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന സംഭവത്തിൽ ഹൈക്കോടതിയുടെ താൽക്കാലിക പരിഹാരം. ഇന്നുമുതൽ അവശേഷിക്കുന്ന പരീക്ഷകൾ എഴുതാൻ വിദ്യാർഥികൾക്ക് അവസരം ഒരുക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. ഇതുപ്രകാരം തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാർസ് സ്കൂളിലെ 28 വിദ്യാർത്ഥികള്‍ ഇന്ന് മുതല്‍ പത്താംക്ലാസ് പരീക്ഷയെഴുതും. കൊച്ചിയിലെ ടോക്ക്-എച്ച് സ്കൂളിലാണ് കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷയെഴുതുന്നത്.
ഇനി അവശേഷിക്കുന്ന മൂന്ന് പരീക്ഷകൾ എഴുതാനാണ് കോടതി ഉത്തരവ് പ്രകാരം കുട്ടികൾക്ക് ഇപ്പോൾ സാധിക്കുക. ആദ്യം നടന്ന ഇംഗ്ലീഷ്, മലയാളം പരീക്ഷകളെഴുതാൻ കുട്ടികള്‍ക്ക് സാധിച്ചിരുന്നില്ല. ഈ പരീക്ഷകളുടെ കാര്യത്തില്‍ സിബിഎസ്ഇയോടും പൊതുവിദ്യാഭാസ ഡയറക്ടറോടും ഇന്ന് വിശദീകരണം നല്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടമായ രണ്ട് പരീക്ഷകള്‍ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്റ് നല്കിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സ്കൂളിന് അംഗീകാരമില്ലാത്തതിനെത്തുടർന്നാണ് തോപ്പുംപടിയിലെ അരൂജാസ് ലിറ്റില്‍ സ്റ്റാർസ് സ്കൂളിലെ 29 കുട്ടികളുടെ ഭാവി തുലാസിലായത്. കടുത്ത നിരാശയിലായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമായിട്ടാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. സിബിഎസ്ഇ ശക്തമായി എതിർത്തിട്ടും കുട്ടികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് ഡിവിഷൻ ബഞ്ച് ഉത്തരവിടുകയായിരുന്നു.