Top Stories
കൊറോണ വ്യാപിക്കുന്നു:രാജ്യത്ത് സുരക്ഷാ മുൻകരുതലുകൾ കർശനമാക്കി
ഡൽഹി : 28 പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ച സാഹചര്യത്തിൽ രാജ്യത്ത് സുരക്ഷാ മുൻകരുതലുകൾ കർശനമാക്കി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കി. ഡൽഹിയിലെ എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈന. ഇറാൻ, കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു.
വൈറസ് ബാധ രാജ്യത്ത് കൂടുതൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പാരസെറ്റമോൾ, വൈറ്റമിൻ ബി വൺ, ബി 12, ടിനിഡാസോൾ, മെട്രോനിഡസോൾ എന്നീ മരുന്നുകളും പ്രൊജസ്റ്റെറോൺ ഹോർമോൺ,ക്ലോറംഫെനിക്കോൾ, ഒർനിഡസോൾ തുടങ്ങിയവയുടെ ഉൾപ്പെടെയുള്ള 26 മരുന്നുകളുടെ ചേരുവകളും കയറ്റുമതി ചെയ്യുന്നതിന് താത്കാലിക നിരോധനം സർക്കാർ ഏർപ്പെടുത്തി. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിന് മരുന്നുകളുടെ കുറവ് ലോകത്ത് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട് ഇതിനെത്തുടർന്നാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഹോളി ആഘോഷത്തിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ആളുകൾ കൂട്ടം ചേരുന്നത് പരമാവധി ഒഴിവാക്കണമെന്ന് ലോകമെമ്പാടുമുള്ള വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹോളി ആഘോഷത്തിൽ നിന്ന് വിട്ടുനിൽക്കാൻ പ്രധാനമന്ത്രിയും രാഷ്ട്രപതിയും തീരുമാനിച്ചിരിക്കുന്നത്.
ഇറ്റലിയിൽ നിന്നെത്തിയ 21 അംഗസംഘത്തില 16 പേർക്കും ഇവർക്കൊപ്പമുണ്ടായിരുന്ന ഇന്ത്യാക്കാരനായ ഡ്രൈവർക്കുമാണ് പുതിയതായി രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ ചവ്വാലയിലെ ഐ.ടി.ബി.പി ക്യാമ്പിൽ നിരീക്ഷണത്തിലാണുള്ളത്.