Top Stories

കോവിഡ് 19 ഭീഷണിയിൽ ലോകം;വൈറസ് ബാധിതരുടെ എണ്ണം ലക്ഷത്തിലേക്കടുക്കുന്നു

കോവിഡ് 19 ഭീഷണിയിൽ ലോകം. വൈറസ്  ബാധയേറ്റവരുടെ എണ്ണം ലക്ഷത്തിലേക്കടുക്കുന്നു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്താകമാനം 93,087 പേർക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്. 3,203 പേർ വൈറസ് ബാധമൂലം മരണപ്പെട്ടു. വൈറസ് ബാധിതരിൽ  80,270 പേരും ചൈനയിലാണ്. 2,981പേർ ചൈനയിൽ മാത്രം മരണപ്പെട്ടു. ഇതിൽ 2,871 മരണവും വുഹാൻ ഉൾപ്പെടുന്ന ഹ്യുബെ പ്രവിശ്യയിലാണ്. 67332 പേർക്കാണ് ഹ്യുബെ പ്രവിശ്യയിൽ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഇറ്റലിയിലാണ്. 79 പേരാണ് വൈറസ് ബാധ മൂലം ഇറ്റലിയിൽ ഇതുവരെ മരണപ്പെട്ടത്. 2502 പേർക്കാണ് ഇറ്റലിയിൽ വൈറസ് ബാധ സ്ഥിതീകരിച്ചിട്ടുള്ളത്. ഇറാനിൽ 77 പേരും സൗത്ത് കൊറിയയിൽ 33 പേരും കോവിഡ് 19 വൈറസ് ബാധയാൽ ഇതുവരെ മരണപ്പെട്ടു.

അമേരിക്കയിൽ ഇതുവരെ 9 മരണം റിപ്പോർട്ട് ചെയ്യ്തു. 113 പേർക്ക് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ കോവിഡ് 19 ഭീഷണി ഇല്ലാതിരുന്ന സൗദിയിൽ ഒരാൾക്ക് രോഗബാധ സ്വീകരിച്ചു. ഖത്തറിൽ 7 പേർക്കും യുഎഇയിൽ 21 പേർക്കും ബഹറിനിൽ 49 പേർക്കും കുവൈറ്റിൽ 56 പേർക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് 222 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 12, 817 പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 5 ആയി. 2500 പേരെ പാര്‍പ്പിക്കാവുന്ന മുൻ കരുതൽ കേന്ദ്രങ്ങൾ അടിയന്തരമായി തുറക്കാൻ കര, നാവിക, വ്യോമ സേനകൾക്ക്  കേന്ദ്രസർക്കാർ അടിയന്തിര നിർദേശം നല്‍കിയിട്ടുണ്ട്. കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ നാവികസേനയുടെ മിലാൻ നാവിക പ്രദർശനം ഉപേക്ഷിച്ചു. മാർച്ച്‌ 18 മുതൽ വിശാഖപട്ടണത്ത് നടത്താൻ ഉദ്ദേശിച്ച പ്രദർശനമാണ് ഉപേക്ഷിച്ചത്. പ്രദർശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ ആലോചിക്കുന്നുണ്ട്.

കൊവി‍ഡ് 19 വൈറസ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വൈറസ് ബാധയെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു. ഇന്നലെ രാവിലെ വിവിധ മന്ത്രാലയങ്ങളുടേയും സംസ്ഥാനങ്ങളുടേയും യോഗം വിളിച്ചു പ്രധാനമന്ത്രി കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button