നിർഭയ പ്രതി പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി തള്ളി;തൂക്കിലേറ്റാൻ ഇനി തടസ്സങ്ങളില്ല
ന്യൂഡൽഹി: നിർഭയ കേസ് പ്രതി പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പവൻ ഗുപ്ത ദയാഹർജി നൽകിയത്. ഇതോടെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനുള്ള പുതിയ മരണ വാറണ്ട് പുറപ്പെടുവിയ്ക്കും. മുൻപ് ഇറക്കിയ മരണ വാറണ്ട് പ്രകാരം മാർച്ച് 3-നായിരുന്നു നാല് പ്രതികളേയും തൂക്കിലേറ്റേണ്ടിയിരുന്നത്.
കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്നും അതിനാൽ വധശിക്ഷ ജീവപര്യന്തമാക്കണമെന്ന് അപേക്ഷിച്ച് പവൻ ഗുപ്ത സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകിയിരുന്നു. ഈ ഹർജി ജസ്റ്റിസ് എൻ. വി അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് ഹർജി തള്ളി. ഇതിനു പിന്നാലെയാണ് പവൻ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്.
കേസിലെ മറ്റ് പ്രതികളായ മുകേഷ് സിങ്. വിനയ് കുമാർ ശർമ, അക്ഷയ്കുമാർ എന്നിവരുടെ ദയാഹർജികൾ നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹർജി തള്ളിയതിനെ ചോദ്യം ചെയ്ത് പ്രതികളായ മുകേഷ് കുമാർ സിങും വിനയ് കുമാർ ശർമയും സമർപ്പിച്ച ഹർജികളും സുപ്രീം കോടതി തള്ളിയിരുന്നു.