Editorial

ലജ്ജയില്ലേ ഗതാഗത മന്ത്രീ;കഴിവില്ലെങ്കിൽ കടിച്ചു തൂങ്ങുന്നതെന്തിന്

സംസ്ഥാന നിയമസഭയിൽ സർവ്വ മന്ത്രിമാരും എംഎൽഎമാരും സമ്മേളിച്ചിരുന്ന സമയത്താണ് കെഎസ്ആർടിസി ജീവനക്കാരുടെ സംഹാരതാണ്ഡവം ഇന്നലെ തലസ്ഥാനനഗരിയെ ആറു മണിക്കൂറോളം നിശ്ചലമാക്കിയത്. ഒരു മനുഷ്യ ജീവൻ കവർന്ന് ഒരു കുടുംബത്തിന്റെ ആശ്രയം ഇല്ലാതാക്കിയ ഈ സമരത്തിന് ഉത്തരവാദി, സമരത്തിന് കാരണക്കാരനായ ഡി ടി ഒ യോ കെഎസ്ആർടിസി ജീവനക്കാരുടെ അല്ല. മറിച്ച് കെഎസ്ആർടിസിയെ നഷ്ടത്തിന്റേയും കെടുകാര്യസ്ഥതയുടെയും ഉദ്യോഗസ്ഥ-ട്രേഡ് യൂണിയൻ മേധാവിത്വത്തിന്റേയും പടുകുഴിയിലേക്ക് എത്തിച്ച കഴിവുകെട്ട ഗതാഗതമന്ത്രി തന്നെയാണ്.

സമയം തെറ്റി സർവീസ് നടത്തിയെന്നാരോപിച്ചുകൊണ്ട് ഒരു സ്വകാര്യ ബസുകാരന്റെ സമയക്ലിപ്തതയെ ചോദ്യംചെയ്ത് മാർഗതടസ്സം സൃഷ്ടിച്ച് ബഹളമുണ്ടാക്കിയ ഡി ടി ഓയെ, ക്രമസമാധാനപാലനം നടത്തേണ്ട പോലീസ് കസ്റ്റഡിയിലെടുത്തത് മഹാ അപരാധമായിപോയി. ആ അപരാധത്തിന് മറുപടിയായി കെഎസ്ആർടിസി ഭരിക്കുന്ന തൊഴിലാളികൾ തങ്ങൾ ഓടിക്കൊണ്ടിരുന്ന ബസ് നഗരമധ്യത്തിൽ നിർത്തിയിട്ട് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. എന്നിട്ടും കലി തീരാതെ ഡിപ്പോയിൽ സർവീസ് ഇല്ലാതെ കിടന്ന ബസ്സുകൾ ഉൾപ്പെടെ റോഡിലേക്കിട്ട് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. രൂക്ഷമായ ഗതാഗതക്കുരുക്കിൽ പെട്ട്  സ്ത്രീകളും കുട്ടികളും രോഗികളും ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിന്റെ പടുകുഴിയിലായി. ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. തലസ്ഥാനം യുദ്ധസമാനമായി.

ഇത്രയൊക്കെ സംഭവിച്ചിട്ടും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ നഗരത്തിലെ 40 ഡിഗ്രി ചൂടിൽ നിന്നകന്ന് നിയമസഭയിലെ 18 ഡിഗ്രി തണുപ്പിൽ സുഖ വിശ്രമം. ശശീന്ദ്രനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കെഎസ്ആർടിസിയിൽ ശശീന്ദ്രന്  പുല്ലുവിലയാണെന്ന് മറ്റാരെക്കാളും നന്നായി ശശീന്ദ്രന് അറിയാം. കോർപ്പറേഷനിലെ ഉദ്യോഗസ്ഥ- യൂണിയൻ മേധാവിത്വം ഏതാണ്ട് അവസാനിപ്പിച്ച്‌  കെഎസ്ആർടിസി ഒന്ന് കര കയറി വന്ന കാലത്താണ് അതിനു കാരണക്കാരനായ എംഡി ടോമിൻ തച്ചങ്കരിയെ യൂണിയൻ തമ്പുരാക്കന്മാരുടെ അപ്രീതി കാരണം രായ്ക്കുരാമാനം ശശീന്ദ്രൻ എടുത്ത് ദൂരെ കളഞ്ഞത്. അതോടുകൂടി കെഎസ്ആർടിസിയുടെ നാശം പൂർണമായി.

കെ.ബി ഗണേഷ് കുമാറിനെ പോലെ നട്ടെല്ലുള്ള ഒരു ഗതാഗതമന്ത്രിയും തച്ചങ്കരിയെ പോലെ ഒരു എംഡിയും എന്ന് ഒരുമിച്ചു വരുന്നോ അന്നേ കെഎസ്ആർടിസി രക്ഷപ്പെടൂ. കഴിവില്ലെങ്കിൽ സ്വയം മനസ്സിലാക്കി കളഞ്ഞിട്ട് പോകണം അല്ലാതെ ജനങ്ങളുടെ ചെലവിൽ അവരുടെ ജീവനും സ്വത്തിനും സ്വസ്ഥതയ്ക്കും ഭീഷണിയായി കടിച്ചു തൂങ്ങരുത്.

ഒരു കിലോമീറ്റർ കെഎസ്ആർടിസി ബസ് ഓടുമ്പോൾ ഖജനാവിന് നഷ്ടം 13 പൈസയിൽ അധികമാണ്. ട്രേഡ് യൂണിയൻ നേതാക്കന്മാരുടെ കറവപ്പശു മാത്രമായ കെഎസ്ആർടിസി ലിക്വിഡേറ്റ് ചെയ്ത് കേരളത്തിലെ ജനങ്ങൾക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button